വില 360 കോടി; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് എംഎ യൂസുഫലി എത്തുക സ്വന്തം വിമാനത്തില്‍

Posted on: November 19, 2018 6:44 pm | Last updated: November 19, 2018 at 10:08 pm
SHARE

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി എത്തുക സ്വന്തം വിമാനത്തില്‍. എകദേശം 360 കോടി രൂപ വിലവരുന്ന ഗള്‍ഫ് സ്ട്രീം 550 എന്ന വിമാനത്തിലാണ് അദ്ദേഹം കണ്ണൂരില്‍ പറന്നിറങ്ങുക. രണ്ട് വര്‍ഷം മുമ്പാണ് യൂസുഫലി ഈ വിമാനം സ്വന്തമാക്കിയത്. യൂസുഫലി വാങ്ങുന്ന രണ്ടാമത്തെ വിമാനമാണിത്. 2014ല്‍ ലെഗസി 650 വിഭാഗത്തില്‍പെട്ട മറ്റൊരു വിമാനം അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. എട്ടാം തീയതി യൂസുഫലി കണ്ണൂരില്‍ എത്തിച്ചേരും. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസുഫലിയുടേതായി മാറും. 14 മുതല്‍ 19 യാത്രക്കാര്‍ക്കാണ് ഗള്‍ഫ് സ്ട്രീം 550ല്‍ സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റര്‍ വരെ പരമാവധി റേഞ്ചുള്ള വിമാനത്തിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 900 കിലോമീറ്ററാണ്. 12 മണിക്കൂര്‍ വരെ വിമാനത്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുമെന്ന് കമ്പനി പറയുന്നു.

യൂസുഫലിയുടെ മരുമകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസീറും സ്വകാര്യ വിമാനം സ്വന്തമാക്കിയിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കല്യാണ്‍ ജുവല്ലേഴ്‌സ് ചെയര്‍മാനും എംഡിയുമായ ടിഎസ് കല്യാണരാമന്‍ എന്നിവരാണ് നിലവില്‍ സ്വന്തമായി വിമാനമുള്ള മറ്റുമലയാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here