അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേത് തെറ്റായ ആക്ഷേപം; ശബരിമലക്ക് നല്‍കിയത് 18 കോടി മാത്രം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: November 19, 2018 10:54 am | Last updated: November 19, 2018 at 1:21 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ള ആളുകള്‍ സര്‍ക്കാറിനെതിരെ തെറ്റായ ആക്ഷേപം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .ശബരിമലക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ച 99.98 കോടി രൂപയില്‍ 18 കോടി രൂപമാത്രമാണ് കേരളത്തിന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. 2019 ജുലൈ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികളാണിത് . ഇതില്‍ നൂറോളം പദ്ധതിയുണ്ട്. പമ്പയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി കേന്ദ്രം അനുവദിച്ചത് 20 കോടി രൂപമാത്രമാണ്. എന്നാല്‍ ഇതിന് 65 കോടി വേണം. കിഫ്ബിയില്‍നിന്നും 45 കോടി രൂപകൂടി കണ്ടെത്തി ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മറ്റൊരു പദ്ധതിയായ പടിതുറൈ പദ്ധതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിന് ഏഴ്മാസത്തോളം സമയമെടുക്കും . എന്നാല്‍ പദ്ധതികള്‍ നടപ്പിലാക്കേണ്ടത് സംസ്ഥന സര്‍ക്കാറല്ല. ഹൈക്കോടതി  നിര്‍ദേശാനുസരണം രൂപീകരിച്ച ഹൈപവര്‍ കമ്മറ്റിയാണ്. ഇതിന് കീഴില്‍ ടെക്‌നിക്കല്‍ കമ്മറ്റിയുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് ഉടക്ക് കമ്മറ്റിയാണെന്നും മന്ത്രി ആരോപിച്ചു.ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം നല്കിയ 100 കോടി ചിലവഴിച്ചില്ലെന്ന് ഇന്ന് ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു

ശബരിമലയിലെ ഇന്നലത്തെ പോലീസ് നടപടിയെ ന്യായീകരിച്ച മന്ത്രി ആര്‍എസ്എസും ബിജെപിയും മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റ് ഉണ്ടായതെന്നും പറഞ്ഞു. ഇവിടെ പോലീസ് സംയമനം പാലിക്കുകയായിരുന്നു. ഇരുമുടിക്കെട്ടുകൊണ്ടുപോലും പോലീസിന്റെ നെഞ്ചില്‍ കുത്തിയവരുണ്ട്. എന്നിട്ടും പോലീസ് സംയമനം പാലിച്ചുവെന്നും മന്ത്രി പറഞ്ഞു