Connect with us

Editorial

സി ബി ഐ പടിക്ക് പുറത്ത്

Published

|

Last Updated

വിശ്വാസ്യത തകര്‍ന്നു കൊണ്ടിരിക്കുന്ന സി ബി ഐക്കേറ്റ മറ്റൊരു പ്രഹരമാണ് കഴിഞ്ഞ ദിവസം ആന്ധ്ര, പശ്ചിമ ബംഗാള്‍ സര്‍ക്കാറുകള്‍ ഇറക്കിയ ഉത്തരവുകള്‍. സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ ആന്ധ്രാപ്രദേശിലും ബംഗാളിലും സി ബി ഐയുടെ പ്രവേശനം നിരോധിച്ചിരിക്കയാണ് ഇരു സംസ്ഥാന സര്‍ക്കാറുകളും. ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സര്‍ക്കാറാണ് ആദ്യം ഉത്തരവിറക്കിയത.് തൊട്ടുപിന്നാലെ മമതാ ബാനര്‍ജിയും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയുടെ പരിധിയില്‍ അവര്‍ക്ക് പരമാധികാരമുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ആവശ്യമാണ്. നിലവില്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകളും ഈ അനുമതി നല്‍കിയിട്ടുണ്ട്. ആ അനുമതിയാണ് ആന്ധ്രയും ബംഗാളും റദ്ദാക്കിയത്. ആന്ധ്രയിലെയും ബംഗാളിലെയും കേസുകളില്‍ സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വാങ്ങാതെ സി ബി ഐക്ക് ഇനി ഇടപെടാനാകില്ല. ആന്റി കറപ്ഷന്‍ ബ്യൂറോകളായിരിക്കും ഇരു സംസ്ഥാനങ്ങളിലും ഇനി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം റെയ്ഡുകളും മറ്റ് പരിശോധനകളും നടത്തുക.
സങ്കീര്‍ണ കേസുകളുടെ കുരുക്കഴിക്കാന്‍ പ്രാപ്തവും കൃത്യനിര്‍വണത്തില്‍ വിശ്വസ്തവുമെന്ന സത്‌പേര് സമ്പാദിച്ച അന്വേഷണ ഏജന്‍സിയായിരുന്നു അടുത്ത കാലം വരെ സി ബി ഐ. ദുഷ്‌കരമായ കേസുകളില്‍ അന്വേഷണം സി ബി ഐയെ ഏല്‍പിക്കണമെന്ന് മുറവിളി ഉയരാറുള്ളത് അന്വേഷണ ഏജന്‍സി കൈവരിച്ച ഈ പ്രതിച്ഛായയെ തുടര്‍ന്നാണ്. എന്നാലിപ്പോള്‍ സര്‍ക്കാറിന്റെ രാഷ്ട്രീയ ആയുധമായി അധഃപതിച്ചിരിക്കയാണ് സി ബി ഐ. ബി ജെ പി ഇതര കക്ഷികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളെ വേട്ടയാടി സര്‍ക്കാറുകളെ പ്രതിസന്ധിയിലാക്കുകയാണ് അടുത്തിടെ അന്വേഷണ ഏജന്‍സിയുടെ മുഖ്യജോലി. സി ബി ഐയെ വിലക്കാന്‍ ആന്ധ്രയും ബംഗാളും പറയുന്ന കാരണമിതാണ്. മോദി സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന് സി ബി ഐക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കയാണെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഈ ഏജന്‍സിയെ ഉപയോഗിക്കുകയാണെന്നും ആന്ധ്രാ ഭരണ കക്ഷിയായ ടി ഡി പി കുറ്റപ്പെടുത്തുന്നു.

ആന്ധ്ര, ബംഗാള്‍ സര്‍ക്കാറുകള്‍ നിലവില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിലാണ്. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഡി എയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പിന്നീട് ചന്ദ്ര ബാബു നായിഡു മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായി. ബി ജെ പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഐക്യപ്പെടുത്താനുള്ള നീക്കങ്ങളിലും നായിഡു പ്രധാന പങ്ക് വഹിച്ചുവരുകയാണ്. അഴിമതിക്കേസുകള്‍ ആരോപിക്കപ്പെട്ട എം പിമാരടക്കമുള്ള ടി ഡി പി നേതാക്കള്‍ക്കെതിരായ സി ബി ഐ അന്വേഷണം ഊര്‍ജിതമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ നായിഡുവിന്റെ ഈ നീക്കത്തെ നേരിട്ടത്. അടുത്തിടെ ആദായനികുതി വകുപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ടി ഡി പി നേതാക്കളുടെയും ടി ഡി പിയുമായി അടുപ്പമുള്ള ബിസിനസുകാരുടെയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ശാരദാ ചിട്ടി ഫണ്ട് അഴിമതി, നാരദാ സ്റ്റിംഗ് ഓപ്പറേഷന്‍ തുടങ്ങി പശ്ചിമ ബംഗാളിലുമുണ്ട് മമതാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സി ബി ഐ കേസുകള്‍.

സി ബി ഐ അന്വേഷിക്കുന്ന കേസുകളില്‍ നിന്നു ഒളിച്ചോടാനുള്ള തന്ത്രമാണ് വിലക്കിന്റെ കാരണമെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറയുന്നത്. കേന്ദ്രഭരണാധിഷ്ഠിത വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ആ വ്യവസ്ഥക്ക് കീഴില്‍ രൂപവത്കൃതമായ സി ബി ഐക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയും സംസ്ഥാന സര്‍ക്കാറുകളെ സംബന്ധിച്ച ഗുരുതര കേസുകളും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ തന്നെ അവകാശമുണ്ടെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. സി ബി ഐയെ വിലക്കിക്കൊണ്ടുള്ള ആന്ധ്രയുടെയും ബംഗാളിന്റെയും ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോയെന്നതില്‍ നിയമവിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുമുണ്ട്. നേരത്തെ, ഛത്തിസ്ഗഢ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ഉത്തരവ് കൊണ്ടുവന്നപ്പോള്‍ സി ബി ഐ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത കേസാണെങ്കില്‍ അവിടെ പ്രവേശിക്കാനും അന്വേഷണം നടത്താനും സി ബി ഐക്കു മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു അന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ ജുഡീഷ്യറിയുടെ തീര്‍പ്പ് എന്തായാലും സംസ്ഥാന സര്‍ക്കാറുകളുടെ വിലക്ക് വകവെക്കാതെ സി ബി ഐ ഇരു സംസ്ഥാനങ്ങളിലും ഇടപെടല്‍ നടത്തുമെന്നാണ് അരുണ്‍ജയ്റ്റ്‌ലി നല്‍കുന്ന സൂചന. അതോടെ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലായി പരിണമിക്കാനാണ് സാധ്യത. കേസന്വേഷണത്തിലും നിഷ്പക്ഷതയിലും മികച്ച റിക്കാര്‍ഡുള്ള അന്വേഷണ ഏജന്‍സിയെ കക്ഷിരാഷ്ട്രീയ താത്പര്യത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഫലമാണിതെല്ലാം. സി ബി ഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ഇതിനുള്ള പരിഹാരമെന്നു സുപ്രീം കോടതി പല തവണ സര്‍ക്കാറിനെ ഉണര്‍ത്തിയതാണ്. വിനീത് നരൈന്‍ ഹവാല കുംഭകോണവുമായി ബന്ധപ്പെട്ട് 1997ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ സമഗ്രമായ അഴിച്ചുപണിയിലൂടെ സി ബി ഐയുടെ യശസ്സ് തിരിച്ചു പിടിക്കാനുള്ള ഒട്ടേറെ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു. പക്ഷേ, ഭരണകൂടങ്ങളെല്ലാം അതിനുനേരെ മുഖം തിരിക്കുകയായിരുന്നു.