Connect with us

Kerala

കെ സുരേന്ദ്രന്റേത് കള്ളക്കഥകളെന്ന് ദേവസ്വം മന്ത്രി; പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാകും

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ ക്രമസമാധാനപാലനം മുന്‍നിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരേന്ദ്രന്റേത് കള്ളക്കഥകളാണെന്നും ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

അറസ്റ്റിന് ശേഷം പോലീസ് മര്‍ദിച്ചുവെന്നും ഇരുമുടിക്കെട്ടിനെ അപമാനിച്ചു എന്നുമൊക്കെയുള്ള സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുരേന്ദ്രന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നു. സ്‌റ്റേഷനിലെത്തിച്ച് ശേഷം അദ്ദേഹത്തിന് ആഹാരം നല്‍കിയിരുന്നു. മരുന്ന് കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും പോലീസ് ഉദ്യോസ്ഥര്‍ ചെയ്ത് നല്‍കിയിരുന്നു. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇത്തരം കള്ളനാണയങ്ങളെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.

ആചാരങ്ങള്‍ സംരിക്ഷിക്കാനാണ് ശബരിമലയിലേക്ക് എത്തിയതെന്ന സുരേന്ദ്രന്റെ വാദത്തെയും മന്ത്രി തള്ളി. അമ്മ മരിച്ച് നാല് മാസം തികയും മുന്‍പാണ് സുരേന്ദ്രന്‍ മലകയറിയത്. ഇങ്ങനെ ഒരു മരണം ഉണ്ടായാല്‍ ആചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒരു വര്‍ഷം കഴിയാതെ മല ചിവിട്ടാറില്ല. ഇതില്‍ നിന്നെല്ലാം സുരേന്ദ്രന്റെ വരവിന്റെ ഉദ്ദേശ്യമെന്താണെന്ന് ആര്‍ക്കും മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

വീഡിയോ കാണാം

Latest