പി മോഹനന്റെ മകനേയും ഭാര്യയേയും ആക്രമിച്ച സംഭവം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Posted on: November 18, 2018 9:23 am | Last updated: November 18, 2018 at 11:10 am

കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനെയും ഭാര്യയേയും ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റിയാടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചക്ക് 12.30ഓടെ കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ വെച്ചാണ് പി മോഹനന്റെ മകന്‍ ജൂലിയസ് നിഖിദാസും അദ്ദേഹത്തിന്റെ ഭാര്യയും ഏഷ്യാനെറ്റ് കോഴിക്കോട് റിപ്പോര്‍ട്ടറുമായ സാനിയോ മനോമിയും ഹര്‍ത്താല്‍ അനുകൂലികളുടെ ആദ്യ ആക്രമണത്തിനിരയായത്.

കുറ്റിയാടി പാലേരിയിലെ സാനിയോ മനോമിയുടെ വീട്ടില്‍ നിന്ന് ജൂലിയാസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു ആക്രമണം. അമ്പലക്കുളങ്ങര വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം ഇവരെ കാറിന് പുറത്തേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.
സാനിയോയുടെ നെഞ്ചിനും ജൂലിയസിന്റെ മുഖത്തും പരുക്കേറ്റു. മര്‍ദനത്തില്‍ ജൂലിയസിന്റെ മൂക്ക് പൊട്ടി രക്തമൊഴുകി. ആയുധം കൊണ്ട് കുത്താനുള്ള ശ്രമത്തിനിടെ തടുക്കുമ്പോഴായിരുന്നു മൂക്കിന് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. നടുവണ്ണൂരില്‍ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.

കാറിലും ജീപ്പിലുമായിട്ടായിരുന്നു ജൂലിയസും കൂടെയുള്ളവരും മെഡിക്കല്‍ കോളജിലേക്ക് പോയിരുന്നത്. അഞ്ച് പോലീസുകാര്‍ എസ്‌കോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ആക്രമണം തടയാനായില്ല. നടുവണ്ണൂരില്‍ ഇവര്‍ സഞ്ചരിച്ച ജീപ്പ് പത്തോളം ബൈക്കുകളിലെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ വളയുകയും ജീപ്പിലുള്ളവരോട് പുറത്തിറങ്ങാന്‍ ആക്രോശിക്കുകയുമായിരുന്നു. ജൂലിയസിനെയും തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാനിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജൂലിയസിനും സാനിയക്കുമൊപ്പം വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരെയും മര്‍ദിച്ചതായി പരാതിയുണ്ട്. കണ്ടാലറിയാവുന്ന, പരിചയക്കാരായ പത്തോളം പേരാണ് ആക്രമിച്ചതെന്ന് സാനിയോ പറഞ്ഞു.