ദുരഭിമാനക്കൊല: കര്‍ണാടകയില്‍ യുവദമ്പതികളെ കൈകാല്‍ കെട്ടി നദിയിലെറിഞ്ഞ് കൊലപ്പെടുത്തി

Posted on: November 17, 2018 4:47 pm | Last updated: November 17, 2018 at 5:24 pm

ഹൊസൂര്‍: കര്‍ണാടകയില്‍ വീണ്ടം ദുരഭിമാനക്കൊല. അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ കൈകാലുകള്‍ കെട്ടി കാവേരിനദിയില്‍ എറിഞ്ഞുകൊലപ്പെടുത്തി. തമിഴ്‌നാട് ക്യഷ്ണഗിരി സ്വദേശികളായ നന്ദീഷ്(26) സ്വാതി(19) എന്നിവരാണ് കൊല്ലപ്പെട്ടത്.കമല്‍ഹാസന്റെ പൊതുസമ്മേളനം കണ്ട് മടങ്ങുമ്പോഴാണ് ദമ്പതികള്‍ക്കു ദാരുണമായി കൊല്ലപ്പെട്ടത്.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ മൂന്നു മാസം മുമ്പാണ് വിവാഹിതരായത്. തുടര്‍ന്ന് കര്‍ണാടകയിലെ ഹൊസൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ട നന്ദീഷിനെ സ്വാതി വിവാഹം കഴിച്ചതാണ് എതിര്‍പ്പിനു കാരണമായത്. ഒളിച്ചുതാമസിക്കുന്നതിന്റെ ഇടയില്‍ ഹൊസൂരില്‍ കമല്‍ഹാസന്റെ പൊതുസമ്മേളനമുണ്ടെന്ന് അറിഞ്ഞ് ഇരുവരും പരിപാടിക്കെത്തുകയായിരുന്നു. . ഇവിടെവെച്ച് സ്വാതിയുടെ ഒരു അകന്ന ബന്ധു ഇവരെ കാണാനിടയായി. ഇയാളാണ് സ്വാതിയുടെ പിതാവിനെ വിവരമറിയിച്ചത്. ഏതാനും ബന്ധുക്കള്‍ക്കൊപ്പം ഹൊസൂരില്‍ തന്നെയുണ്ടായിരുന്ന പിതാവ് ദമ്പതിമാരെ പിടികൂടി കൈകാലുകള്‍ ബന്ധിച്ച് കാവേരിയില്‍ എറിയുകയായിരുന്നു. ഇരുവരുടേയും മൃതദേഹം പിന്നീട് കണ്ടെടുത്തു. സ്വാതിയുടെ പിതാവ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.