പഠനത്തിന്റെ മഹത്വമോതിയ തിരുനബി

Posted on: November 17, 2018 9:00 am | Last updated: November 23, 2018 at 10:00 pm

വൈജ്ഞാനിക വികാസത്തിനും വിദ്യാഭ്യാസപ്രചാരണത്തിനും വലിയ പ്രാധാന്യം കല്‍പ്പിച്ച നേതാവാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ). ദുരിതപര്‍വം താണ്ടി അകലെയുള്ള രാജ്യങ്ങളില്‍ ചെന്നിട്ടാണെങ്കിലും അറിവ് നുകരുന്നത് മഹത്തായ ത്യാഗമായി തന്നെ അവതരിപ്പിച്ചു പ്രവാചകന്‍.

യുദ്ധത്തടവുകാരില്‍ അക്ഷര ജ്ഞാനികളെ വിളിച്ച് തന്റെ അനുയായികളിലെ നിരക്ഷരര്‍ക്ക് വിജ്ഞാനം പഠിപ്പിച്ചുകൊടുക്കാന്‍ നിയോഗിച്ച പ്രവാചക മാതൃക സമാനതകളില്ലാത്ത സാക്ഷരതാ പ്രവര്‍ത്തനമാണ്.

വൈജ്ഞാനിക പുരോഗതി കരഗതമാക്കിയവനെ അതി മഹത്തായ നേട്ടം കൈവരിച്ചവനായി എണ്ണുന്ന തിരുമൊഴി തന്നെയുണ്ട്. ‘അസൂയാവഹമായ നേട്ടം കൈവരിച്ചവര്‍ രണ്ട് പേര്‍ മാത്രമാണ്. അതിലൊന്ന് നേടിയെടുത്ത വിജ്ഞാനം നേരാംവണ്ണം ഉപയോഗിക്കുകയും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നവനാണ്’. യുക്തിയോടെയും സദുപദേശത്തോടെയും അങ്ങയുടെ ഉടമസ്ഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക എന്ന സൂറതുന്നഹ്ല്‍ 125ാം സൂക്തത്തിന്റെ പാഠം ഉള്‍ക്കൊണ്ടായിരുന്നു അവിടുത്തെ പ്രബോധനം.

തന്റെ മഹിത ദര്‍ശനങ്ങള്‍ അനുചരര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് പ്രവാചകന്‍ സ്വീകരിച്ച രീതി സരളവും അതേസമയം വിദഗ്ധവുമായിരുന്നു. മുഹമ്മദ് നബി (സ) അനുയായികളെ ഒരുമിച്ചിരുത്തി ക്ലാസെടുത്തതും തിരു സവിധത്തില്‍ വന്ന് ദിവസങ്ങളോളം താമസിച്ച് പഠിച്ചതും ചരിത്രങ്ങളില്‍ നിന്ന് വായിക്കാം. അബൂ സുലൈമാന്‍ മാലിക്ബ്‌നു ഹുവൈരിസ്(റ) നിവേദനം ചെയ്യുന്നു. ഞങ്ങള്‍ സമപ്രായക്കാരായ ഏതാനും യുവാക്കള്‍ ചേര്‍ന്ന് പഠനാവശ്യത്തിന് വേണ്ടി നബിയുടെ അടുത്തു പോയി. അവിടെ 20 ദിവസം താമസിക്കുകയുണ്ടായി. നബി തങ്ങള്‍ വളരെ കാരുണ്യത്തോടെയും സൗഹൃദത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്. ഞങ്ങള്‍ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി നബിക്ക് തോന്നിയപ്പോള്‍ അവിടുന്ന് ഞങ്ങളെ വിളിച്ച് വീട്ടുകാരെ കുറിച്ചെല്ലാം അന്വേഷിച്ചു. ഞങ്ങള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു. ശേഷം ഞങ്ങള്‍ക്ക് വീടുകളിലേക്ക് പോകാന്‍ അനുമതി നല്‍കുകയും പഠിച്ച കാര്യം എല്ലാവര്‍ക്കും പഠിപ്പിച്ചു കൊടുക്കാനും കേട്ടകാര്യം എല്ലാവരോടും കല്‍പ്പിക്കാനും നിര്‍ദേശിച്ചു. (ബുഖാരി- 631, മുസ്‌ലിം-674).

പഠിതാക്കള്‍ക്ക് മടിയും മനംമടുപ്പും ഉണ്ടാകാത്ത വിധം ആഴ്ചയില്‍ നിശ്ചിത ദിവസം മാത്രം ക്ലാസ്സെടുക്കുകയും ആ പതിവ് അനുചരര്‍ അതേ പടി അനുവര്‍ത്തിക്കുകയും ചെയ്തിരുന്നു. അബൂ വാഇല്‍ ശഫീഖ്ബനു സലമ(റ) പറയുന്നു. ഇബ്‌നു മസ്ഊദ് (റ) എല്ലാ വ്യാഴാഴ്ചയും ഞങ്ങള്‍ക്ക് ക്ലാസെടുത്ത് തരാറുണ്ടായിരുന്നു. ഞങ്ങളിലൊരാള്‍ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് എന്നും ക്ലാസെടുത്തുകൂടെ അങ്ങയുടെ ക്ലാസിലിരിക്കാന്‍ ഞങ്ങള്‍ക്ക് വളരെ ഇഷടമാണ്. അതുകേട്ട ഇബ്‌നു മസ്ഊദ് (റ)ന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: നിങ്ങള്‍ക്ക് മടി തോന്നാതിരിക്കാനാണ് ഞാനങ്ങനെ ചെയ്യുന്നത്. നബി (സ) നമുക്ക് മടിവരാത്ത വിധം ആഴ്ചയില്‍ ഒരു ദിവസമായിരുന്നുവല്ലോ ക്ലാസ്സിന് അവസരം കണ്ടെത്തിയിരുന്നത്. ഞാനും ആ ചര്യ പിന്തുടരുന്നു. (ബുഖാരി, മുസ്‌ലിം).

വശ്യമായ ശൈലിയും പെരുമാറ്റവും സ്വീകരിക്കാത്തവന്റെ അധ്യാപനത്തിനും പ്രബോധനത്തിനും ആളുകള്‍ വില കല്‍പ്പിക്കുകയില്ല. കാര്യം ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതാണെങ്കില്‍ അതുകൊണ്ടുള്ള ഫലം ലഭ്യമാകുകയില്ല. നബി തങ്ങളുടേത് ഏതൊരാള്‍ക്കും കേട്ടാല്‍ മനസ്സിലാകും വിധമുള്ള സംസാര ശൈലിയായിരുന്നുവെന്ന് അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നബി (സ) ഒരു കാര്യം പറഞ്ഞാല്‍ അത് മൂന്ന് തവണ ആവര്‍ത്തിക്കല്‍ പതിവായിരുന്നു. സദസ്യരിലെ ശരാശരിയില്‍ താഴെയുള്ളവരെ പരിഗണിക്കും വിധമായിരുന്നു അവിടുത്തെ സംസാരമെന്നര്‍ഥം.