വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദൗത്യനിര്‍വഹണ കേന്ദ്രങ്ങളാവണം: കാന്തപുരം

Posted on: November 16, 2018 11:46 am | Last updated: November 16, 2018 at 11:46 am

ദുബൈ:സമാധാനവും ശാന്തിയും ഉറപ്പിക്കുവാനും പരസ്പര സഹവര്‍ത്തിത്വം ദൃഢമാക്കാനുമായി യു എ ഇ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സഹിഷ്ണുതയോടെയുള്ള സഹവര്‍ത്തിത്വമാണു സമൂഹത്തിനു അനുഗുണമായത്. സമൂഹത്തില്‍ സഹവര്‍ത്തിത്വവും സഹകരണ മനോഭാവവും വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അത്തരത്തിലുള്ള ക്രമീകരണങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മര്‍കസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇതിനാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ വ്യാപന കാലഘട്ടത്തില്‍ സഹിഷ്ണുതക്കും ശാന്തിക്കും വിഘാതമാവുന്ന ഇടപെടലുകളില്‍ നിന്ന് യുവസമൂഹം മാറിനില്‍ക്കണം. സഹവര്‍ത്തിത്വത്തിന്റെ ഇസ്‌ലാമിക മാതൃകയും പാരമ്പര്യവും മുറുകെപ്പിടിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സഹവര്‍ത്തിത്വത്തിന് ഉത്തമമാതൃകയാണ് മുഹമ്മദ് നബി (സ)യില്‍ നമുക്ക് ദര്‍ശിക്കാനാവുക. മദീനയില്‍ അവിടുന്ന് ഇത്തരമൊരു സമൂഹത്തിന് ഉത്തമമാതൃക കാണിക്കുകയുണ്ടായി. ലോകത്ത് ഇന്ന് കാണുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രവാചകചര്യ ഉള്‍ക്കൊള്ളുക എന്നതാണെന്ന് അദ്ദേഹം ഉണര്‍ത്തി