Connect with us

Articles

ലോകം പകച്ചു നില്‍ക്കുന്നു, എക്‌സ് രോഗങ്ങള്‍ക്കു മുമ്പില്‍

Published

|

Last Updated

നൈജീരിയയില്‍ മരണം വിതക്കുന്ന ലാസ പനിയും പടിഞ്ഞാറേ ആഫ്രിക്കയിലെ എബോള രോഗവും 2013നും 2016നും ഇടയില്‍ 11,000 പേരെയാണ് മരണത്തിലേക്ക് തള്ളിവിട്ടത്. ക്രീമിയന്‍ കോംഗോ ഹീമറേജിക് പനി, എബോള വൈറല്‍ പനി, മാര്‍ബര്‍ഗ് വൈറല്‍ പനി, ലാസ പനി , മെര്‍സ് രോഗം, സാര്‍സ് രോഗം, നിപ്പാ പനി , സിക രോഗം, ഫെനി വൈറല്‍ രോഗം, റിഫ്ട് വാലി പനി എന്നിവ മാനവരാശിയെ നിരന്തരമായി രോഗാതുരമാക്കുന്നു. ഒപ്പം മരണത്തിന്റെ വക്കിലുമാക്കുന്നു.

ഏറ്റവും പുതിയതായി ലോകാരോഗ്യ സംഘടന മനുഷ്യനെ ബാധിക്കുന്ന പേരറിയാത്ത രോഗാണുക്കള്‍ പരത്തുന്ന രോഗങ്ങളെ “എക്‌സ് രോഗങ്ങള്‍” എന്ന് നാമകരണം ചെയ്തിരിക്കുന്നു. എക്‌സ് രോഗങ്ങളെല്ലാം മാരക പകര്‍ച്ചവ്യാധികളാണ്. ഇവയെ ജൈവ രാസ ആയുധങ്ങളായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. മസൂരിക്ക് സമാനമായി കാനഡയില്‍ ഉണ്ടായ കുതിര മസൂരി രോഗം എക്‌സ് രോഗ ഗണത്തില്‍ പെടുന്നതാണ്. ഈ രോഗം മനുഷ്യ നിര്‍മിതമായ വൈറസ് രോഗാണുക്കള്‍ മൂലമാണുണ്ടാകുന്നത്. എക്‌സ് രോഗങ്ങള്‍ക്ക് മനുഷ്യനില്‍ രോഗ പ്രതിരോധ ശേഷി ഇല്ല. ഇത്തരം എക്‌സ് രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ കണ്ടെത്തിയിട്ടും ഇല്ല.

പ്രതിരോധ മരുന്നുകള്‍ ഇല്ലാത്തതിനാലും രോഗകാരണങ്ങള്‍ അറിയാത്തതിനാലും രോഗാണുക്കളെ കണ്ടെത്താത്തതിനാലും എക്‌സ് രോഗങ്ങള്‍ ലോകത്ത് അതിവേഗം പടര്‍ന്നുപിടിക്കും. മിക്കവാറും എക്‌സ് രോഗങ്ങള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യനില്‍ ചാടിയെത്തുന്നതാണ്. 2009ലെ വൈറസ് മൂലമുള്ള പക്ഷിപ്പനി ഇത്തരത്തിലുള്ളതാണ്. എച്ച് ഐ വി രോഗം ചിമ്പാന്‍സിയില്‍ നിന്നാണ് മനുഷ്യനിലെത്തിയത്. 1980 -ല്‍ പ്രത്യക്ഷപ്പെട്ട ഈ രോഗം 35 ദശലക്ഷം ആളുകളെ ഇതുവരെ കൊന്നൊടുക്കി. എബോള രോഗവും വന്യ മൃഗങ്ങളില്‍ നിന്നും മനുഷ്യനിലെത്തിയ രോഗമാണ്. മനുഷ്യന്‍ കൂടുതല്‍ കാട്ടിലേക്കും, മറ്റുപ്രവേശിക്കാത്ത ഇക്കോസിസ്റ്റങ്ങളിലേക്കും കടന്നുചെന്നതിന്റെ പരിണതഫലമാണിത്. വന്യ മൃഗങ്ങളുമായുള്ള അതിരുകടന്ന അടുപ്പവും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തി.

വിനോദസഞ്ചാര വികസനവും ഘോര വനങ്ങളില്‍ പോലും ഇക്കോടൂറിസം നടപ്പാക്കിയതും വന്യമൃഗമാംസ ഉപയോഗം വര്‍ധിക്കുന്നതും വന്യമൃഗങ്ങളെ അരുമകളായി വളര്‍ത്തുന്നതും എക്‌സ് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2018 ലെ കണക്കു പ്രകാരം കോംഗോ ഹീമറേജ് പനിയും മെര്‍സ് രോഗവും സാര്‍സ് രോഗവും സിക രോഗവും എബോള വൈറസ് രോഗവുമാണ് ഈ വര്‍ഷം വിവധ രാജ്യങ്ങളിലായി ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ച മാരക രോഗങ്ങള്‍.

സിക രോഗം 30 രാജ്യങ്ങളിലായി ജനന വൈകല്യമുള്ള ആയിരക്കണക്കിന് കുട്ടികളുടെ ജനനത്തിനാണ് കാരണമായിരിക്കുന്നത്. മെര്‍സ്, സാര്‍സ്, സിക എന്നീ രോഗങ്ങളെ എക്‌സ് രോഗങ്ങളായിട്ടാണ് കണക്കാക്കുന്നത്. ചരിത്രത്തില്‍ ബി സി 430 ല്‍ ഏതന്‍സ് പ്ലേഗ് കൊന്നൊടുക്കിയത് ഏതന്‍സ് നഗരത്തിലെ മൂന്നിലൊന്നു ജനങ്ങളെയാണ്. 1347 മുതല്‍ 1353 വരെയുള്ള അഞ്ചു വര്‍ഷത്തിനുള്ളില്‍ യൂറോപ്പില്‍ ബുബോണിക് പ്ലേഗ് മൂലമുള്ള കറുത്ത പനി 30 ദശലക്ഷം പേരുടെ ജീവനാണെടുത്തത്. 1817 – 1824 കാലത്ത് കോളറ മൂലം പത്ത് ദശലക്ഷം ആളുകളും 1918 – 19 കാലത്ത് സ്പാനിഷ് പനിമൂലം 100 ദശലക്ഷം ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. 2013 – 2016 കാലഘട്ടത്തില്‍ എബോള വൈറസ് 10,000 പേരുടെജീവനാണെടുത്തത്.

ഇതുകൂടാതെ ചിക്കുന്‍ഗുനിയ, കോളറ , ഹെന്‍ഡ്ര വൈറസ് രോഗം, മസ്തിഷ്‌ക്ക ജ്വരം, കുരങ്ങുപനി, പ്ലേഗ്, മസൂരി, മഞ്ഞപ്പനി, റിഫ്ട് വാലി പനി എന്നിങ്ങനെയുള്ള മാരക രോഗങ്ങളും ലോകത്തെ 2018 ല്‍ മുള്‍മുനയില്‍ നിര്‍ത്തുന്നു.

രോഗം വരാതിരിക്കാന്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി പനി സാധ്യതകളും പകര്‍ച്ചവ്യാധി സാധ്യതകളും ഒഴിവാക്കുകയാണ് കരണീയമായിട്ടുള്ളത്. പരിസര ശുചീകരണം നടത്തി കൊതുക് മുട്ടയിട്ടുപെരുകുവാനുള്ള സാധ്യതകള്‍ ഒഴിവാക്കണം. വൃത്തിയായ ചുറ്റുപാടില്‍ ജീവിക്കുകയും രോഗാണു ബാധയില്ലാത്ത വെള്ളവും ഭക്ഷണവും ഉപയോഗിക്കുകയും വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയുമാണ് രോഗങ്ങള്‍ വരാതിരിക്കുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍.

Latest