വിജ്ഞാപനവും റാങ്ക് ലിസ്റ്റുമൊക്കെ ലംഘിക്കാനുളളതാണ്. അതാണ് നവോത്ഥാന പാരമ്പര്യം

സോഷ്യലിസ്റ്റ്
Posted on: November 15, 2018 10:09 pm | Last updated: November 15, 2018 at 10:09 pm

തലശ്ശേരി എംഎല്‍എയും വിപ്ലവ തീപ്പന്തവുമായ സഖാവ് എഎന്‍ ഷംസീറിന്റെ സഹധര്‍മ്മിണി ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ നിയമിച്ച നടപടി ബൂര്‍ഷ്വാ കോടതി റദ്ദാക്കി. വിജ്ഞാപനത്തിനും റാങ്ക് ലിസ്റ്റിനും വിപരീതമായാണ് നിയമനമെന്ന് കുറ്റപ്പെടുത്തി. ഉയര്‍ന്ന യോഗ്യതയും കൂടുതല്‍ പ്രവൃത്തി പരിചയവുമുളള ഹര്‍ജിക്കാരിയെ നിയമിക്കാന്‍ ഉത്തരവിട്ടു.

വിജ്ഞാപനവും റാങ്ക് ലിസ്റ്റുമൊക്കെ ലംഘിക്കാനുളളതാണ്. അതാണ് നവോത്ഥാന പാരമ്പര്യം. ഉയര്‍ന്ന യോഗ്യതയോ കൂടിയ പ്രവൃത്തി പരിചയമോ അല്ല, ഉയര്‍ന്ന നേതാവിനോടുളള അടുപ്പവും ബന്ധവുമാണ് നിയമനത്തിനു പരിഗണിക്കുന്നത്. സുധീര്‍ നമ്പ്യാരുടെയും കെടി അദീബിന്റെയും നിയമനങ്ങള്‍ പോലെ പരിപാവനമാണ് ഷഹല സഖാവിന്റെ നിയമനവും.

ഹൈക്കോടതി വിധി ഒരു കാരണവശാലും കണ്ണൂര്‍ സര്‍വകലാശാല അംഗീകരിക്കില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കും. അവിടെയും തോറ്റാല്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കും.

പൊരുതുന്ന യുവത്വത്തിന്റെ പടനായകനെ അപകീര്‍ത്തിപ്പെടുത്താനുളള നീക്കത്തെ രാഷ്ട്രീയമായി നേരിടും. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഹൈക്കോടതിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ പ്രതീകാത്മകമായി നാടു കടത്തും.

ഇടതുപക്ഷം സ്വജനപക്ഷം.