ഡി വൈ എസ് പി. ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കൂട്ടു പ്രതിയുടെ മൊഴി

Posted on: November 15, 2018 9:38 am | Last updated: November 15, 2018 at 1:11 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായതോടെ ഡി വൈ എസ് പി. ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് കൂട്ടുപ്രതി ബിനു പോലീസിനു മൊഴി നല്‍കി. ബിനു കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തി കീഴടങ്ങിയിരുന്നു.

സനല്‍കുമാര്‍ മരിച്ചതായി അറിഞ്ഞതോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തുകയും വസ്ത്രങ്ങളും മറ്റുമെടുത്ത് തന്നെയും കൂട്ടി രക്ഷപ്പെടുകയുമായിരുന്നു. തൃപ്പരപ്പിലെത്തി മധുരയിലേക്കും അവിടെ നിന്ന് കര്‍ണാടകയിലെ ധര്‍മസ്ഥലയിലേക്കും പോയി. ഇതിനിടയില്‍ അഭിഭാഷകനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ജാമ്യം കിട്ടുമെന്ന്
അഭിഭാഷകന്‍ പറഞ്ഞതിന്റെ ബലത്തിലാണ് ഒളിവില്‍ പോയത്. അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്ന് വിവരം കിട്ടുകയും കൈവശമുണ്ടായിരുന്ന പണം തീരുകയും ആരോഗ്യ സ്ഥിതി വഷളാകുകയും ചെയ്തതോടെ ഇരുവരും കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. പിന്നീട് ഹരികുമാറിന്റെ വീട്ടിലേക്കു പോയി. രാത്രി വീടിനു സമീപം അദ്ദേഹത്തെ ഇറക്കി താന്‍ തിരിച്ചു പോന്നതായും ബിനുവിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.

അറസ്റ്റിലായി നെയ്യാറ്റിന്‍കര സബ് ജയിലിലേക്കു മാറ്റപ്പെട്ടാല്‍ താന്‍ തകര്‍ന്നു പോകുമെന്ന് ഹരികുമാര്‍ പറഞ്ഞതായും മൊഴിയിലുണ്ട്. തന്റെ മകന്‍, ലോഡ്ജ് മാനേജര്‍ സതീഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായതോടെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്.