Connect with us

Articles

സ്വ. ലേ, പ്ര. ലേ, ഇപ്പോഴിതാ വ ലേയും!

Published

|

Last Updated

വളച്ചൊടിക്കലും വലിച്ചു താഴെയിടലും. അതിന്റെ ബഹളമാണ്. വളച്ചൊടിക്കല്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ കുമാരേട്ടനെ ഓര്‍മ വരും. പച്ച ജയന്തി ബസ്സിലെ ഡ്രൈവറായിരുന്നു. ഏറെ വളവും തിരിവുമുള്ള ഞങ്ങളുടെ ഗ്രാമീണ റോഡിലൂടെ ബസ്സ് വളച്ചൊടിക്കുന്ന കുമാരേട്ടന്‍. തട്ടാതെ, മുട്ടാതെയുള്ള യാത്ര. പുതുതായി ഡ്രൈവിംഗ് പഠിക്കുന്ന പൊടിമീശക്കാരോടുള്ള അന്നത്തെ ഉപദേശമിതാണ്: പച്ച ജയന്തിയിലെ കുമാരേട്ടനെ കണ്ട് പഠിക്ക് മോനേ…

ഓറെത്ര കാലം ബസ്സ് വളച്ചൊടിച്ചിട്ടുണ്ടെന്നറിയോ? ആര്‍ക്കുമുണ്ടായിരുന്നില്ല പരാതി. എന്നാല്‍ കാര്‍ത്തികച്ചേച്ചി അങ്ങനെയായിരുന്നില്ല. നാട്ടിലുള്ള വാര്‍ത്തകള്‍ വനിതകള്‍ക്കെത്തിക്കുന്ന പഴയ കാല ബി ബി സിയായിരുന്നു അവര്‍. പൊടിപ്പും തൊങ്ങലുമുള്ള ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും പെണ്ണുങ്ങള്‍ അടക്കം പറയും. വളച്ചൊടിക്കലിന്റെ ആശാത്തിയാണ്. എത്ര വിദഗ്ധമായാണ് അവരത് ചെയ്യുന്നത്. അല്ലെങ്കിലും ഓളോനെ വളച്ചെടുത്തതല്ലേ…

അന്ന് വളച്ചൊടിക്കല്‍ എന്താണെന്നറിയുമായിരുന്നില്ല. സുകുമാര്‍ അഴീക്കോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പത്രം ഓഫീസിന്റെ മുന്നിലൂടെ പോകുമ്പോള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്ന്! അന്നാണ് മനസ്സിലായത്, പത്രക്കാരുടെ പണിയാണിതെന്ന്! വാര്‍ത്തകള്‍ വിവാദമാകുമ്പോഴാണ് ചില നേതാക്കള്‍ ഇങ്ങനെ പറയുക. വാര്‍ത്ത വളച്ചൊടിച്ചതാണ്. ചില ലേഖകന്‍മാര്‍ക്ക് ഇതാണ് പണിയെന്ന് സാധാരണക്കാര്‍ ചിന്തിച്ചേക്കും. സ്വന്തം ലേഖകന്‍, പ്രത്യേക ലേഖകന്‍ എന്നതു പോലെ വളച്ചൊടിക്കല്‍ ലേഖകനും! സ്വലേ പോലെ, പ്ര ലേ പോലെ, വ ലേയും!

വളച്ചൊടിക്കലില്‍ ഇപ്പോള്‍ വലിയ കാര്യമില്ല. ചാനലുകാരുടെ മൈക്കിന് മുമ്പിലാണ് ഇപ്പോഴത്തെ വാചകമടി. പറഞ്ഞത് അതു പോലെ കൊടുക്കാനേ സാധിക്കൂ. അല്ലെങ്കിലും തിരക്കുപിടിച്ച ഇക്കാലത്ത് വളച്ചൊടിക്കാനും അടര്‍ത്തിയെടുക്കാനും എവിടെ നേരം?
വലിച്ചു താഴെയിടും എന്നാണ് ദേശീയ നേതാവ് കണ്ണൂരില്‍ പറഞ്ഞത്. അതും വളച്ചൊടിച്ചതാണെന്ന് പ്രസംഗം പരിഭാഷപ്പെടുത്തിയ നേതാവ് ചാനല്‍ ചര്‍ച്ചക്കിടയില്‍. ബഹളമായി. പ്രസംഗം ഒന്നു കൂടി കേള്‍പ്പിക്കാമെന്ന് അവതാരം. പ്രസംഗം കേട്ടുകഴിഞ്ഞപ്പോള്‍ നേതാവിന്റെ മുഖം വളച്ചൊടിച്ചതു പോലെ..!

അല്ലെങ്കിലും വലിച്ചു താഴെയിടും എന്ന് കേട്ടപ്പോഴേ ചിരി വരില്ലേ? ഭരണം വീണു എന്നു തന്നെ വിചാരിക്കുക, അപ്പോള്‍ രാജേട്ടന്‍ പുതിയ മന്ത്രിസഭ ഉണ്ടാക്കുമോ? ആള്‍ക്കാരെ വലക്കാന്‍ ഓരോരോ വര്‍ത്തമാനങ്ങള്‍.
റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ വലിച്ചു താഴെയിടാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ചോദിച്ച പണം കൊടുക്കുന്നില്ലെന്നതാണ് കാരണമായി പറയുന്നത്. അല്ലെങ്കില്‍ ഇങ്ങനെയും പറയാം. വളച്ചൊടിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ വലിച്ചു താഴെയിട്ടു കളയും.
തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ചുമരിലുണ്ടായിരുന്ന വാഗണ്‍ ട്രാജഡി ചിത്രം വലിച്ചു താഴെയിട്ടു കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിലെ സുപ്രധാന ഏടാണിത്. ചരിത്രം വളച്ചൊടിക്കാനാവില്ലല്ലോ, ആയതിനാല്‍ വലിച്ചിട്ടു…
ബന്ധു നിയമന വിവാദം വന്നപ്പോള്‍ തന്നെ മന്ത്രിസഭയിലെ രണ്ടാമനെ മുഖ്യന്‍ വലിച്ചു താഴെയിട്ടതാണ്. ജയരാജനായിട്ടും കര്‍ശനമായിരുന്നു നിലപാട്. ഇപ്പോഴിതാ ജലീല്‍ക്ക ബന്ധുജന പ്രിയത്തില്‍ കുടുങ്ങിയിരിക്കുന്നു. കുഞ്ഞാപ്പയുടെ കണ്ണിലെ കരടായ ജലീലിനെ വലിച്ചു താഴെയിട്ടേ അടങ്ങൂ എന്ന മട്ടിലാണ് യൂത്ത് ലീഗുകാര്‍. അവര്‍ സമരം തുടങ്ങിക്കഴിഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുമ്പ് ജലീലിനെ മുഖ്യമന്ത്രി വലിച്ചു താഴെയിടുമോ, കാത്തിരുന്നു കാണാം.

Latest