റോഹിംഗ്യന്‍ വംശഹത്യ മാപ്പര്‍ഹിക്കാത്ത തെറ്റ്: സൂകിയോട് യു എസ്

Posted on: November 14, 2018 10:23 pm | Last updated: November 14, 2018 at 10:23 pm

സിംഗപ്പൂര്‍ സിറ്റി: റോഹിംഗ്യന്‍ വംശജരായ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യം നടത്തിയ ക്രൂരതകള്‍ മാപ്പര്‍ഹിക്കാത്തതാണെന്ന് യു എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് മ്യാന്മര്‍ നേതാവ് ആംഗ് സാന്‍ സൂകിയെ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മൈക് പെന്‍സ് ആംഗ് സാന്‍ സൂകിയോട് നിലപാട് വ്യക്തമാക്കിയത്. സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യ-പെസഫിക് ഉച്ചകോടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു രണ്ട് പേരും. റോഹിംഗ്യന്‍ വംശജരെ വംശഹത്യ ചെയ്യാന്‍ മുന്നില്‍ നിന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന നടപടി പുരോഗമിക്കുകയാണോ എന്ന കാര്യത്തില്‍ അമേരിക്കക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മര്‍ സൈന്യം നടത്തിയ സംഘര്‍ഷവും കൊലപാതകങ്ങളും പതിനായിരക്കണക്കിന് റോഹിംഗ്യന്‍ വംശജരുടെ ജീവനെടുത്തു. ഏഴ് ലക്ഷത്തിലധികം പേര്‍ മ്യാന്മറില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. ഇത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത സംഗതിയാണ്- മൈക് പെന്‍സ് സൂകിയോട് പറഞ്ഞു.

എന്നാല്‍ ഇതിനോട് പ്രതികരിക്കവെ, ജനങ്ങള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാകുമെന്നായിരുന്നു ആംഗ്‌സാന്‍ സൂകിയുടെ മറുപടി. മ്യാന്മറിലെ അതിക്രൂരമായ അടിച്ചമര്‍ത്തലുകളുടെ പേരില്‍ ആംഗ് സാന്‍ സൂകി പ്രതിരോധിക്കാനാകാതെ പരുങ്ങലിലാണെന്ന് കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു. റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ സൈനിക നേതൃത്വത്തില്‍ അരങ്ങേറിയ കൂട്ടക്കൊലപാതകങ്ങളും ബലാത്സംഗങ്ങളും വീടുകള്‍ അഗ്നിക്കിരയാക്കിയ സംഭവങ്ങളും സൂകിക്കെതിരെ ആഗോളതലത്തില്‍ തന്നെ വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. ഇവര്‍ക്ക് പല രാഷ്ട്രങ്ങളും നല്‍കിയിരുന്ന പൗരത്വം റദ്ദാക്കാന്‍ ചില രാജ്യങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍, മറ്റുചില അന്താരാഷ്ട്ര സംഘടനകള്‍ ഇവര്‍ക്ക് നല്‍കിയ ബഹുമതികളും പിന്‍വലിച്ചിരുന്നു.