ശബരിമല: യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; ജനുവരി 22ന് വാദം കേള്‍ക്കും

Posted on: November 13, 2018 4:33 pm | Last updated: November 14, 2018 at 10:24 am

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ റിവ്യൂ, റിട്ട് ഹരജികളില്‍ ജനുവരി 22ന് സുപ്രീം കോടതി വാദം കേള്‍ക്കും. തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുക. യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെന്ന് ഉത്തരവില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സെപ്തം: 28ലെ വിധി നിലനില്‍ക്കും. തത് സ്ഥിതി തുടരുമെന്നാണ് കോടതി ഉത്തരവ് വ്യക്തമാക്കുന്നതെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
വിശദ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും കോടതി നോട്ടീസ് നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഇന്നലെ ഉച്ചക്കുശേഷം പുനപരിശോധന ഹരജികള്‍ പരിഗണിച്ചത്.

വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് അനന്തര കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കോടതിയുടെത് ഉചിതമായ തീരുമാനമാണെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച ശേഷം മുഖ്യമന്ത്രി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സി പി എം സംസ്ഥാന സെക്ര. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിധി സ്വാഗതാര്‍ഹമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. പുനപരിശോധന ഹരജികളില്‍ അന്തിമ തീരുമാനം വരുന്നതു വരെ വിധി നടപ്പാക്കരുതെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. അയ്യപ്പന്റെ അനുഗ്രഹമാണിതെന്നും ശബരിമലയുടെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.