ഗുജറാത്ത് കലാപം: ഗൂഢാലോചന കേസില്‍ 19ന് സുപ്രീം കോടതി വാദം കേള്‍ക്കും

Posted on: November 13, 2018 3:51 pm | Last updated: November 13, 2018 at 8:39 pm

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ കേസില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയ ജഫ്രി നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി 19ന് വാദം കേള്‍ക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍. മുന്‍ എം പി. ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യയാണ് സക്കിയ.

2017 ഒക്ടോബറില്‍ മോദിയുള്‍പ്പടെ 58 പേര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) നടപടി ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെയും ഇതിനനുകൂലമായ മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെയും സക്കിയക്കൊപ്പം കേസില്‍ മറ്റൊരു കക്ഷിയായ തീസ്ത സെതല്‍വാദിന്റെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസും ചോദ്യം ചെയ്തിരുന്നു.

2002 ഫെബ്രു: 28ന് അഹമ്മദാബാദില്‍ മുസ്‌ലിങ്ങള്‍ക്കു പ്രാബല്യമുള്ള ഗുല്‍ബര്‍ഗ് സമൂഹത്തിനു നേരെ കലാപകാരികള്‍ നടത്തിയ ആക്രമണത്തിലാണ് ഇഹ്‌സാന്‍ ജഫ്രിയും മറ്റ് 68 പേരും കൊല്ലപ്പെട്ടത്. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ, 2006ല്‍ മോദിക്കും ചില മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പോലീസ് കേസെടുക്കണമെന്ന് സക്കിയ ആവശ്യപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം 2009ല്‍ ഗുല്‍ബര്‍ഗ് കൂട്ടക്കൊല ഉള്‍പ്പടെ കലാപവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകള്‍ പുനരന്വേഷിക്കണമെന്ന് പരമോന്നത കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതേ വര്‍ഷം ഏപ്രില്‍ 27ന് സക്കിയയുടെ പരാതി സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കോടതി നോട്ടീസ് നല്‍കി. 2012ല്‍ മോദി കുറ്റക്കാരനാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കി എസ് ഐ ടി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.