ശബരിമലയിലെ അക്രമം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted on: November 13, 2018 2:08 pm | Last updated: November 13, 2018 at 8:39 pm

കൊച്ചി: ചിത്തിര ആട്ട വിളക്കിനായി ശബരിമല നട തുറന്ന ദിവസം സന്നിധാനത്തും പരിസരത്തും ആക്രമണമഴിച്ചുവിട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ദേവസ്വം കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. സ്‌പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി മനോജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

 

സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണെന്നും ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.