Connect with us

International

റോഹിംഗ്യന്‍ പ്രശ്‌നത്തിലിടപെടാത്ത സുകിയിലെ പ്രതീക്ഷ നഷ്ടപ്പെട്ടു; പരമോന്നത പുരസ്‌കാരം ആംനസ്റ്റി പിന്‍വലിച്ചു

Published

|

Last Updated

ലണ്ടന്‍: ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഓങ് സാങ് സൂകിക്ക് നല്‍കിയ പരമോന്നത പുരസ്‌കാരം തിരിച്ചെടുത്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി 2009ല്‍ നല്‍കിയ “അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ്” എന്ന പുരസ്‌കാരമാണ് തിരിച്ചെടുത്തത്. റോഹിംഗ്യന്‍ മുസ്്‌ലിങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാത്ത സൂകിക്ക് ഇപ്പോള്‍ ഇതിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരം തിരിച്ചെടുത്തിരിക്കുന്നത്.

മ്യാന്‍മറില്‍ 720000 ത്തോളം റോഹിംഗ്യന്‍ വംശജരെയാണ് സൈന്യം കുടിയൊഴിപ്പിച്ചത്. സംഭവത്തെ വംശഹത്യയെന്നാണ് യുഎന്‍ പോലും വിശേഷിപ്പിച്ചത്. “നിങ്ങള്‍ ഇനി പ്രതീക്ഷയുടേയോ ധൈര്യത്തിന്റേയോ പ്രതീകമാകുമെന്നോ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നോ കരുതുന്നില്ലെന്നത് അഗാധമായ നിരാശയുണ്ടാക്കുന്നു”- ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചീഫ് കുമി നായ്‌ഡോ പറഞ്ഞു. ഈ പരമോന്നത പരുസ്‌കാരം പിന്‍വലിക്കുന്നത് വേദനയോടെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുകി ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.