ആദിവാസി കോളനികളില്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ കാമ്പയിന്‍

Posted on: November 13, 2018 12:32 pm | Last updated: November 13, 2018 at 12:32 pm

നിലമ്പൂര്‍: ആദിവാസി കോളനികളിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാമ്പയിന്‌ തുടക്കമായി. നിലമ്പൂര്‍ മണ്ഡലത്തിലെ 170 നമ്പര്‍ ബൂത്തായ നെടുങ്കയം കോളനിയിലെ നാച്ചുറല്‍ എജ്യുക്കേഷന്‍ സ്റ്റഡി സെന്റര്‍ ബൂത്തിനെ കേന്ദ്രീകരിച്ച് നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.  കോളനിയിലെ 38 പേരെ രജിസ്റ്റര്‍ ചെയ്തു വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു.

പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗം താമസിക്കുന്ന മാഞ്ചീരി കോളനിയുള്‍പ്പെടെയുള്ള നെടുങ്കയം ബൂത്തില്‍ നിലവില്‍ 442 വോട്ടര്‍മാരാണുള്ളത്. കോളനിയില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രസന്നകുമാരി, നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷ്റഫ്, ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അടുത്ത ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കോളനികളില്‍ ക്യാംപെയ്നിങിന്റെ ഭാഗമായി വോട്ട് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തും. ഇന്ന് (നവംബര്‍ 13) ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണക്കോട്, വെറ്റിലക്കൊല്ലി, പാലക്കയം, അമ്പുമല കോളനികളിലെ വോട്ടര്‍മാര്‍ക്കായി വെണ്ണക്കോട് കോളനിയില്‍ വോട്ട് അദാലത്ത് നടക്കും.