Connect with us

National

ആര്‍ബിഐ-ധനമന്ത്രാലയം തര്‍ക്കം: ഊര്‍ജിത് പട്ടേല്‍ പ്രധാനമന്ത്രിയെ കണ്ടതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതിന് ഡല്‍ഹിയില്‍വെച്ച് പ്രധാനമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഊര്‍ജിത് പട്ടേല്‍ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കരുതല്‍ ധനശേഖരത്തില്‍നിന്നും പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ആര്‍ബിഐയും ധനകാര്യമന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. അടുത്ത തിങ്കളാഴ്ച റിസര്‍വ് ബേങ്കിന്റെ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം ഊര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വായ്പ നല്‍കുന്നതിനുള്ള തടസങ്ങള്‍ നീക്കം ചെയ്യുന്നതിന് ആര്‍ബിഐക്ക് മേല്‍ സര്‍ക്കാര്‍ കനത്ത സമ്മര്‍ദം ചെലുത്തിവരികയാണ്. വായ്പ നല്‍കുന്നതില്‍നിന്ന് പതിനൊന്നോളം ബേങ്കുകളെ ആര്‍ബിഐ വിലക്കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍നിന്നും ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.