Connect with us

Kerala

സനലിന്റെ കൊലപാതകം മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്. സനലിന്റെ കൊലപാതകം യാദ്യശ്ചികമായി സംഭവിച്ചതല്ലെന്നും ഹരികുമാര്‍ സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നാളെയാണ് ഹരികുമാറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ഡിവൈഎസ്പിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. പോലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ , മര്‍ദനം എന്നീ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. അതേ സമയം സംഭവം നടന്ന എട്ട് ദിവസം പിന്നിട്ടിട്ടും ഡിവൈഎസ്പി ഹരികുമാറിനെ പോലീസിന് പിടികൂടാനായിട്ടില്ല.