സാംസംഗിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ മാര്‍ച്ചില്‍

Posted on: November 12, 2018 9:42 pm | Last updated: November 12, 2018 at 9:42 pm

സാംസംഗിന്റെ ആദ്യ മടക്കാവുന്ന (ഫോള്‍ഡബിള്‍) സ്മാര്‍ട്ട് ഫോണ്‍ അടുത്ത മാര്‍ച്ചില്‍ വിപണിയിലെത്തും. 5ജി സാങ്കേതിക വിദ്യയോട് കൂടിയ ഗ്യാലക്‌സി എസ് 10ന് ഒപ്പമായിരിക്കും ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കുകയെന്ന് സാംസംഗ് വൃത്തങ്ങളെ ഉദ്ദരിച്ച് ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1,29000 രൂപയാകും ഫോണിന്റെ വിലയെന്നാണ് സൂചന. ഗ്യാലക്‌സി എഫ് എന്നായിരിക്കും ഫോണിന്റെ പേരെന്നും സൂചനയുണ്ട്.

ഫെബ്രുവരിയിലാണ് എസ് 10 വിപണിയിലെത്തിക്കാന്‍ സാംസംഗ് പദ്ധതിയിടുന്നത്. ഇതിന് പിന്നാലെ ഫോള്‍ഡബിള്‍ ഫോണും എത്തിക്കാനാണ് പദ്ധതി. 5ജി സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായിരിക്കും ഈ ഫോണും. കഴിഞ്ഞയാഴ്ച സാംസംഗ് തലവന്‍ കോ ഡോംഗ് ജിന്‍ ആണ് ഫോള്‍ഡബിള്‍ ഫോണ്‍ സംബന്ധിച്ച് ആദ്യമായി സൂചന നല്‍കിയത്. 2019 ആദ്യ പാദത്തില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഫോള്‍ഡബിള്‍ ഫോണിന് തുറന്നുവെച്ചാല്‍ 7.4 ഇഞ്ച് സ്‌ക്രീനും ഫോള്‍ഡ് ചെയ്താല്‍ 4.6 ഇഞ്ച് സ്‌ക്രീനുമാകും ഉണ്ടാകുക.