ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിച്ച് രാഹുല്‍ ജനങ്ങളെ അധിക്ഷേപിക്കുന്നു: യോഗി ആദിത്യനാഥ്

Posted on: November 12, 2018 1:06 pm | Last updated: November 12, 2018 at 1:07 pm

റായ്പൂര്‍: ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിച്ച് കോണ്‍. പ്രസി. രാഹുല്‍ ഗാന്ധി ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛത്തീസ്ഗഢില്‍ നവം: 20നു നടക്കുന്ന രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ദുര്‍ഗ് ജില്ലയില്‍ നടന്ന ബി ജെ പി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് അയോധ്യ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍. നേതാവ് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ രാമക്ഷേത്ര നിര്‍മാണം താമസിപ്പിക്കുന്നതിനു വേണ്ടിയാണിത്. മറുവശത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നും ആദിത്യനാഥ് ആരോപിച്ചു.

ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിച്ച് അദ്ദേഹം ജനങ്ങളെ അധിക്ഷേപിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് രാഹുല്‍ അമേരിക്കന്‍ അംബാസഡറെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്. അല്ലാതെ ലഷ്‌കര്‍ ഇ ത്വയ്യിബയെ പോലുള്ള ഭീകര സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടെന്നല്ല. ലോക സാഹോദര്യത്തിന് അടിത്തറയിട്ട ഇന്ത്യയിലെ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്ര കുത്തുന്നത് 132 കോടി വരുന്ന ഇന്ത്യന്‍ ജനതയെ അപമാനിക്കലാണ്.

നക്‌സലുകളെ വിപ്ലവകാരികളാക്കി മഹത്വവത്കരിച്ചതും കോണ്‍ഗ്രസാണ്. ഭീകരവാദം, വിഘടനവാദം, നക്‌സലിസം, അഴിമതി, കുടുംബ വാഴ്ച തുടങ്ങിയവയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കോണ്‍ഗ്രസ് നല്‍കിയ സംഭാവനയെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.