വിശ്വാസികളുടെ ഉമ്മമാര്‍

ജനനത്തിന് മുമ്പ് പിതാവും ചെറുപ്പത്തില്‍ തന്നെ മാതാവും നഷ്ടപ്പെട്ട നബി(സ)ക്ക്, 40-ാം വയസ്സിലെ പ്രവാചകത്വ ലബ്ധിയോടനുബന്ധിച്ചുള്ള സങ്കീര്‍ണത നിറഞ്ഞ ഘട്ടങ്ങളില്‍, ബുദ്ധിമതിയും പക്വതയുമുള്ള ജീവിത പങ്കാളി കൂടെയുണ്ടാകണമെന്നത് പ്രത്യേകമായ ഇലാഹീ നിശ്ചയമായിരുന്നു.
Posted on: November 12, 2018 10:14 am | Last updated: November 19, 2018 at 7:58 pm
SHARE

നബി(സ)യുടെ ഭാര്യമാര്‍ വിശ്വാസികള്‍ക്ക്; അവരോടുള്ള ബഹുമാനം, ആദരവ് വിഷയങ്ങളിലും നബിക്ക് ശേഷം അവരെ വിവാഹം ചെയ്യാന്‍ പാടില്ല എന്ന വിഷയത്തിലും ഉമ്മമാരാണ്. ‘നബി(സ) വിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ കടപ്പെട്ടവരാണ്, നബി(സ)യുടെ ഭാര്യമാര്‍ അവര്‍ക്ക് ഉമ്മമാരും’ എന്നാണ് ഖുര്‍ആന്‍(അഹ്‌സാബ് 6) അധ്യാപനം.

നബി(സ) ആദ്യമായി വിവാഹം ചെയ്തത് ഖദീജ ബീവിയെ ആണ്. വിവാഹ സമയത്ത് നബി(സ)ക്ക് 25ഉം മഹതിക്ക് 40ഉം വയസ്സായിരുന്നു. ഖദീജ ബീവിക്ക് ഇത് മൂന്നാമത്തെ വിവാഹമായിരുന്നു. നബി(സ)യോടൊത്തുള്ള 25 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനൊടുവില്‍ 65-ാം വയസ്സില്‍ അവര്‍ വഫാത്താകുന്നത് വരെ നബി(സ) വേറെ ഒരു വിവാഹവും കഴിച്ചില്ല. ധനികയും ബുദ്ധിമതിയുമായ ഖദീജ(റ)യെ അറബികള്‍ അത്വാഹിറ (പരിശുദ്ധ) എന്നായിരുന്നു വിളിക്കാറ്. ഖദീജയുടെ കച്ചവടത്തില്‍ നബി(സ) സഹായിച്ചിരുന്നു. നബി(സ) യുടെ സത്യസന്ധതയും സത്‌സ്വഭാവവും കണ്ട് അവര്‍ വിവാഹാലോചന നടത്തുകയായിരുന്നു.

ഭൗതിക പരിത്യാഗിയായ പ്രവാചകര്‍(സ) 25-ാം വയസ്സിലായിട്ടും ഖദീജയിലെ നന്മകള്‍ക്ക് മുന്‍ഗണന കൊടുത്ത് വിവാഹത്തിന് തയ്യാറായി. ജനനത്തിന് മുമ്പ് പിതാവും ചെറുപ്പത്തില്‍ തന്നെ മാതാവും നഷ്ടപ്പെട്ട നബി(സ)ക്ക് 40-ാം വയസ്സിലെ പ്രവാചകത്വ ലബ്ധിയോടനുബന്ധിച്ചുള്ള സങ്കീര്‍ണത നിറഞ്ഞ ഘട്ടങ്ങളില്‍, ബുദ്ധിമതിയും പക്വതയുമുള്ള ജീവിത പങ്കാളി കൂടെയുണ്ടാകണമെന്നത് പ്രത്യേകമായ ഇലാഹീ നിശ്ചയമായിരുന്നു.

ശരീരം കൊണ്ടും ധനം കൊണ്ടും മഹതി ഭര്‍ത്താവിനൊപ്പം താങ്ങും തണലുമായി നിലകൊണ്ടു. ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും ഈ വനിതയാണ്. ഇബ്‌റാഹീം ഒഴികെയുള്ള ആറ് സന്താനങ്ങളും ഖദീജാ ബീവിയിലൂടെയാണ് നബി(സ)ക്ക് ലഭിച്ചത്. നബി(സ) അവരുടെ വിയോഗശേഷവും ഖദീജ(റ)യെ പ്രകീര്‍ത്തിക്കുമായിരുന്നു. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം, നബി(സ) പറഞ്ഞു: മര്‍യം ബീവിക്ക് ശേഷം സ്വര്‍ഗത്തിലെ സ്ത്രീകളുടെ നായികമാര്‍ ഖദീജ(റ)യും ഫാത്വിമ(റ)യും ഫിര്‍ഔനിന്റെ ഭാര്യ ആസിയ(റ)യുമാണ്.

ആഇശ ബീവി ഒരിക്കല്‍ പറയുകയുണ്ടായി. നബി(സ) കൂടുതലായി ഖദീജ(റ)യെ അനുസ്മരിക്കുമായിരുന്നു. ഞാനാണെങ്കില്‍ അവരെ കണ്ടിട്ടുമില്ല. ചിലപ്പോള്‍ ആടിനെ അറുത്ത് കഷണങ്ങളാക്കി ഖദീജയുടെ പ്രിയക്കാര്‍ക്ക് കൊടുത്തയക്കും. ചിലപ്പോള്‍ ഞാന്‍ പറയും: ദുന്‍യാവില്‍ ഖദീജയല്ലാത്ത സ്ത്രീകള്‍ ഇല്ലാത്തത് പോലെയുണ്ടല്ലോ എന്ന്. അപ്പോള്‍ ഖദീജയുടെ മഹത്വങ്ങള്‍ അവിടുന്ന് എണ്ണിപ്പറയും. അവരിലാണ് എനിക്ക് മക്കള്‍ ഉണ്ടായതെന്ന് കൂടി പറഞ്ഞ് അവിടുന്ന് വാചാലനാകും.

ഹിറാ ഗുഹയില്‍ വെച്ച് ‘ഇഖ്‌റഇ’ന്റെ ആദ്യവചനം കേട്ട് പ്രവാചകത്വത്തിന്റെ ഭാരം ഓര്‍ത്ത് അസ്വസ്ഥനായി ഖദീജയുടെ സവിധത്തിലെത്തിയ നബിയെ അവര്‍ സമാശ്വസിപ്പിച്ചു. എന്നെ പുതപ്പിട്ടു മൂടൂ എന്ന് നബി ആവശ്യപ്പെട്ടു. അവര്‍ മൂടിക്കൊടുത്തു. തെല്ലൊരാശ്വാസം കിട്ടിയ നബി(സ) ഖദീജയോടായി പറഞ്ഞു: ഉത്തരവാദിത്വം എന്നെ ഭയപ്പെടുത്തുന്നു. ഈ സമയത്താണ് ഖദീജാ ബീവി(റ) ആ പ്രശസ്തമായ സാന്ത്വന വചനങ്ങള്‍ നബിയോടായി ഉരുവിടുന്നത്. അല്ലാഹുവാണേ സത്യം, തീര്‍ച്ചയായും അവന്‍ നിങ്ങളെ പരാജയപ്പെടുത്തുകയില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നവരാണ്. ആലംബഹീനര്‍ക്ക് താങ്ങാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്നവരാണ്. കാര്യങ്ങളില്‍ സത്യത്തോടൊപ്പം നില്‍ക്കുന്നവരാണ്. (ബുഖാരി, മുസ്‌ലിം) ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് മഹതി ഇഹലോകവാസം വെടിഞ്ഞു. ഖദീജയുടെ വേര്‍പാട് നബി(സ)യെ വല്ലാതെ ദുഃഖത്തിലാഴ്ത്തി.

ഹബ്ശയിലേക്ക് ഭര്‍ത്താവിനൊപ്പം ഹിജ്‌റ പോകുകയും തിരിച്ചെത്തിയ ഉടനെ ഭര്‍ത്താവ് സക്‌റാന്‍ മരണപ്പെടുകയും ചെയ്ത വേദനയിലായിരുന്നു സൗദാ ബീവി. കുടുംബത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ലായിരുന്നു അവര്‍ക്ക്. അവരെല്ലാം ശത്രുതയിലായിരുന്നു. അങ്ങനെ, ആശ്രിതരില്ലാത്ത വിധവയായ സൗദയെ നബി(സ) പത്‌നിയായി സ്വീകരിക്കുകയായിരുന്നു.

മക്കയിലെ പിന്നീടുള്ള മൂന്ന് വര്‍ഷം സൗദ ബീവി മാത്രമാണ് നബിക്ക് ഭാര്യയായിട്ടുണ്ടായിരുന്നത്. പിന്നീട് നടന്ന ഒമ്പത് വിവാഹങ്ങളും സാമൂഹികമായ അനിവാര്യതകളായിരുന്നു. സമൂഹത്തിന്റെ പാതിയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളും കടമകള്‍, അവകാശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളുമെല്ലാം രാപ്പകല്‍ ഭേദമില്ലാതെ നബിയില്‍ നിന്ന് ഒപ്പിയെടുക്കേണ്ട മഹാ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ഒരാളെ കൊണ്ട് മാത്രം നിര്‍വഹിക്കാന്‍ പറ്റുന്നതാണോ അത്? ഈ ദൗത്യമാണ് ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഏറ്റെടുത്ത് നിര്‍വഹിച്ചു നല്‍കിയത്. സ്ത്രീപക്ഷത്തു നിന്നുള്ള നബി(സ)യുടെ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നു എന്നുപറയാം. ഒരിക്കല്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട വിഷയം ചേദിച്ചുവന്ന ഒരു സ്ത്രീക്ക് നബി(സ) തങ്ങള്‍ വ്യംഗ്യമായി മറുപടി കൊടുത്തെങ്കിലും അവര്‍ക്കത് മനസ്സിലായില്ല. ആഇശാ ബീവി(റ) ആ സ്ത്രീയെ അകത്ത് കൂട്ടിക്കൊണ്ടുപോയി നബി പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തമായി പഠിപ്പിച്ചുകൊടുത്ത സംഭവം ഹദീസുകളില്‍ കാണാം.

23 വര്‍ഷത്തെ നബി(സ)യുടെ അനിതര സാധാരണമായ ജീവിതയാത്രയില്‍ കൂടെ വര്‍ത്തിച്ച അബൂബക്കര്‍സിദ്ദീഖ്(റ), ഉമര്‍ ബിന്‍ ഖത്താബ്(റ), ഉസ്മാന്‍(റ), അലി(റ) ഇവരുമായെല്ലാം നബി(സ) ഹാര്‍ദവമായ ബന്ധങ്ങള്‍ സ്ഥാപിച്ചു. ഇവരുടെയെല്ലാം വീടുകള്‍ ഇസ്‌ലാമിന്റെ ഓഫീസുകള്‍ പോലെയായി. അങ്ങനെ സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ പെണ്‍മക്കളെ നബി(സ) വിവാഹം ചെയ്തും ഉസ്മാന്‍(റ), അലി(റ) എന്നിവര്‍ക്ക് മക്കളെ അങ്ങോട്ട് വിവാഹം ചെയ്തുകൊടുത്തും ആ ബന്ധം ഒന്നുകൂടി സാര്‍ഥകമാക്കി.

ഏറ്റവും ബുദ്ധിമതിയായ, പ്രായത്തിന്റെ ഒരു അലട്ടലും തീണ്ടാത്ത പ്രസരിപ്പോടെ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടിയും ദൗത്യനിര്‍വഹണത്തിന് അത്യാവശ്യമായിരുന്നു. ഈ ഒഴിവ് പൂരിപ്പിക്കുകയായിരുന്നു ആഇശ ബീവി(റ)യുടെ വിവാഹത്തിലൂടെ ഉണ്ടായത്. 11 ഭാര്യമാരില്‍ 10 പേരും മുമ്പ് വിവാഹിതരായവരും പലരും പ്രായം കൂടുതലുള്ളവരും ആയിരുന്നു. ബീവി ആഇശ(റ) മാത്രമാണ് കന്യകയായി നബി(സ)യുടെ ജീവിതത്തിലേക്ക് കടന്നവന്നത്.

മദീനയില്‍ വെച്ച് ആഇശ ബീവിയെ നബി(സ) വീട്ടിലേക്ക് കൂട്ടുന്നതിന്റെ മൂന്ന് വര്‍ഷം മുമ്പ് മക്കയില്‍ വെച്ച് അവര്‍ തമ്മിലുള്ള നികാഹ് നടന്നിരുന്നു. ഇതിനൊരു കാരണമുണ്ടായിരുന്നു. തന്റെ മുഴുവന്‍ സമ്പാദ്യങ്ങളും നബിതങ്ങളെ ഏല്‍പ്പിച്ച, ഉറ്റ തോഴനായ, നിന്ന ഹിജ്‌റയില്‍ വരെ ഒപ്പമുണ്ടായ അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ മനസ്സിന് ഏറ്റവും കുളിരേകുന്ന സംഭവമായിരുന്നു തന്റെ മകളെ നബി തങ്ങള്‍ സ്വീകരിക്കുക എന്നത്. ഇളം പ്രായക്കാരിയായ ആഇശയെ ഇപ്പോള്‍ കൂടെ കൂട്ടാനും നിര്‍വാഹമില്ല. എന്നിട്ടും കൂടെ കൂട്ടുമെന്ന് ഒരുറപ്പ് സിദ്ദീഖ്(റ)ന് നല്‍കുകയായിരുന്നു ഇതിലൂടെ നബി(സ) തങ്ങള്‍ ചെയ്തത്.

ആഇശാ ബീവിയുടെ ബുദ്ധിയും പാണ്ഡിത്യവും അപാരമായിരുന്നു. തിര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അബൂ മൂസല്‍ അശ്അരി(റ) പറഞ്ഞു: ഞങ്ങള്‍ സഹാബിമാരെ കുഴക്കിയ ഏതൊരു പ്രശ്‌നമുണ്ടോ, ആഇശാ ബീവിയുടെ അടുത്ത് ചെന്നാല്‍ അതിന് ഒരു വൈജ്ഞാനികമായ പരിഹാരമുണ്ടായിരിക്കും. ഇമാം സുഹ്‌രി(റ) പറയുന്നു: മുഴുവന്‍ സ്ത്രീകളുടെയും ജ്ഞാനങ്ങളെ ആഇശ ബീവിയുടെ ജ്ഞാനവുമായി മാറ്റുരച്ചാല്‍ ആഇശയുടെ ജ്ഞാനം മികച്ച് നില്‍ക്കും. നബി(സ)യുടെ വഫാത്തിന് ശേഷം 48 വര്‍ഷം വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി അവര്‍ ജ്വലിച്ചുനിന്നു. ചെറുപ്രായത്തിലേ നബി തങ്ങള്‍ മഹതിയെ കൂടെ കൂട്ടിയത് അവിടുത്തെ വഫാത്തിന് ശേഷം അര നൂറ്റാണ്ട് കാലം വരെ തന്റെ നിഴലായി കൂടെ വര്‍ത്തിച്ച ഒരു പ്രതിനിധിയെ ഉമ്മത്തിന് അനന്തരമായി നല്‍കാന്‍ വേണ്ടിയും കൂടി ആകാതിരിക്കില്ല. നബി(സ)യുടെ ഭാര്യമാരുടെ വിവാഹ പശ്ചാത്തലം പഠനവിധേയമാക്കുമ്പോള്‍ വിവാഹ കാരണങ്ങളായി ഈ കാര്യങ്ങള്‍ നമുക്ക് വ്യക്തമാകും.
1. ഗോത്രങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്
2. കുടുംബങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കല്‍
3. രാഷ്ട്ര ഭരണത്തിന് മുതല്‍കൂട്ടാകല്‍
4. യുദ്ധത്തിലും മറ്റും വിധവകളായ, ആരുമില്ലാത്തവരെ ഏറ്റെടുക്കല്‍
5. പ്രബോധന, വൈജ്ഞാനിക വഴിയില്‍ സഹായകമാകല്‍.

LEAVE A REPLY

Please enter your comment!
Please enter your name here