നിക്ഷേപത്തട്ടിപ്പു കേസ്: ജനാര്‍ദന റെഡ്ഢി അറസ്റ്റില്‍

Posted on: November 11, 2018 4:40 pm | Last updated: November 11, 2018 at 10:39 pm

ന്യൂഡല്‍ഹി: പോന്‍സി നിക്ഷേപ തട്ടിപ്പു കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഢിയെ കേന്ദ്ര ക്രൈം ബ്രാഞ്ച് സംഘം (സി സി ബി) അറസ്റ്റു ചെയ്തു. അനധികൃത സാമ്പത്തിക ഇടപാടിനു കൂട്ടുനിന്നുവെന്നാണ് റെഡ്ഢിക്കെതിരായ കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെ അനധികൃത പണമിടപാടില്‍ മുഖ്യ പ്രതിയെ സഹായിക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റെഡ്ഢിക്കെതിരെ ചുമത്തിയിട്ടുള്ളത്. റെഡ്ഢിയുടെ സഹായി മെഹ്ഫൂസ് അലി ഖാനും അറസ്റ്റിലായിട്ടുണ്ട്.

വിശ്വാസ യോഗ്യമായ തെളിവുകളും സാക്ഷിമൊഴികളും മുന്‍നിര്‍ത്തിയാണ് അറസ്‌റ്റെന്ന് ക്രൈം ബ്രാഞ്ച് അഡീഷണല്‍ സി പി. അലോക് കുമാര്‍ പറഞ്ഞു. റെഡ്ഢിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും തട്ടിയെടുത്ത പണം കണ്ടെത്തി നിക്ഷേപകര്‍ക്കും തിരികെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് റെഡ്ഢി ഇന്നലെ വൈകീട്ട് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റെഡ്ഢിക്കും മെഹ്ഫൂസിനും വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. റെഡ്ഢിയില്‍ നിന്ന് മൂന്നു പേജ് വരുന്ന പ്രസ്താവന സി സി ബി ഡി സി പി. എസ് ഗിരീഷ് എഴുതി വാങ്ങി.

മന്ത്രിയായിരിക്കെ സാമ്പത്തിക തട്ടിപ്പു കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കുന്നതിന് ആംബിഡന്റ് ഗ്രൂപ്പ് ഉടമ സയ്യിദ് അഹമ്മദ് ഫരീദിനോട് കോഴ വാങ്ങിയെന്നതാണ് റെഡ്ഢിക്കെതിരായ പ്രധാന ആരോപണം. രണ്ടു കോടി പണമായും 18 കോടി രൂപ വില വരുന്ന 57 കിലോഗ്രാം സ്വര്‍ണവുമാണ് ഗ്രൂപ്പില്‍ നിന്ന് റെഡ്ഢി കൈപ്പറ്റിയത്. എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനു ഒരു കോടി കൈക്കൂലി നല്‍കിയതിനും ക്രൈം ബ്രാഞ്ചിനു തെളിവു ലഭിച്ചിട്ടുണ്ട്.
2016-17ല്‍ സ്ഥാപിതമായ ആംബിഡന്റ് കമ്പനി മാസത്തില്‍ 30-40 ശതമാനം ഇരട്ടിപ്പിച്ചു തരാമെന്ന് വാഗ്ദാനം നല്‍കിയാണ് നിക്ഷേപകരില്‍ നിന്ന് പണം സ്വകരിച്ചിരുന്നതെന്ന് കര്‍ണാടക പോലീസ് കമ്മീഷണര്‍ ടി സുനീല്‍ കുമാര്‍ പറഞ്ഞു. പ്രലോഭനത്തില്‍ കുടുങ്ങി ആയിരക്കണക്കിനു പേരാണ് പണം നിക്ഷേപിച്ചത്. ആദ്യ ഘട്ടത്തില്‍ വാഗ്ദാനം ചെയ്ത തുക നല്‍കിയതോടെ കൂടുതലാളുകള്‍ നിക്ഷേപത്തിനു തയ്യാറായി. എന്നാല്‍, പിന്നീട് നിക്ഷേപകര്‍ മുടക്കിയ പണം പോലും തിരികെ ലഭിക്കാതായപ്പോഴാണ് കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

2017ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും 18 കോടിയുടെ അനധികൃത പണമിടപാട് നടന്നതായും അംബിക ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ രമേശ് കോത്താരി എന്നയാള്‍ക്കാണ് പണം കൈമാറിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്രയും തുകക്കുള്ള സ്വര്‍ണം റെഡ്ഢിയുടെ പി എ. അലിക്കു നല്‍കിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തുകയും ചെയ്തു.