Connect with us

Cover Story

നിറങ്ങള്‍ പെയ്യും അടുക്കള

Published

|

Last Updated

അമ്മാളുവമ്മ

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉദയം കൊണ്ട “കല കലയ്ക്ക് വേണ്ടി” എന്ന ബൊഹീമിയന്‍ സിദ്ധാന്തമൊന്നും ഈ കലാകാരിക്ക് അറിയില്ല. അതിനെ എതിര്‍ത്തും അനുകൂലിച്ചുമുണ്ടായ സൈദ്ധാന്തിക പൊട്ടിത്തെറികളും ഇവര്‍ക്ക് അജ്ഞാതം. പക്ഷേ, ഇവരുടെ കല സൗന്ദര്യശാസ്ത്രപരമായ ലക്ഷ്യത്തില്‍ മാത്രം ഊന്നിയതായിരുന്നു. കാഴ്ചക്കാരെ രസിപ്പിക്കുക എന്നതിനുള്ള ഉപകരണം. വലിയ തോതിലുള്ള ആശയ ഖനിയോ ചൂഷണത്തോടും വ്യവസ്ഥിതിയോടുമുള്ള രോഷമോ അതില്‍ കാണില്ല. കാരണം, അവരുടെ അനുവാചകര്‍ കുട്ടികളാണ്. അവരോടാണ് ഈ കലാകാരി സംവദിക്കുന്നത്.
ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ചെറുപ്പകാലം. വീട്ടിലെ അടുപ്പ് പുകയുന്നത് തന്നെ വിരളം. വയര്‍ നിറച്ചുണ്ണുന്നത് കിനാവില്‍ ഒതുങ്ങിയിരുന്നു. കൂട്ടുകാരികളുടെയും സഹപാഠികളുടെയുമൊക്കെ അവസ്ഥ സമാനം. വയറില്‍ കത്തുന്ന വിശപ്പിനെ ശമിപ്പിക്കാനായിരിക്കണം, അടുപ്പിലെ കരിക്കട്ടയും ഇഷ്ടിക കഷ്ണവും ചെങ്കല്‍ച്ചീളുമൊക്കെ ഉപയോഗിച്ച് ചുമരുകളിലും പാറക്കല്ലിലും മണ്ണിലുമൊക്കെ ആ കുഞ്ഞുവിരലുകള്‍ മാന്ത്രികത പ്രകടിപ്പിക്കാന്‍ ആരംഭിച്ചത്. മനസ്സില്‍ അലിഞ്ഞ വര്‍ണങ്ങള്‍ കൊണ്ട്, ഇല്ലായ്മ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞുഹൃദയം. വളരുന്തോറും ജീവിതത്തിന്റെ നിറങ്ങള്‍ ക്ലാവ് പിടിച്ചതായിരുന്നെങ്കിലും ചിത്രങ്ങളും വര്‍ണങ്ങളും പുഷ്‌കലമായി മനസ്സിലും കൈവിരലുകളിലും കൊണ്ടുനടന്നു. ആ ബാലിക വളര്‍ന്ന് അറുപത്തിയഞ്ചാം വയസ്സിലെത്തിയിരിക്കുന്നു. പത്തമ്പത് വര്‍ഷം മുമ്പുള്ള അതേ മനസ്സോടെ വരകളുടെ വര്‍ണലോകത്ത് വിസ്മയം തീര്‍ക്കുകയാണ് അമ്മാളുവമ്മയെന്ന ഈ നാട്ടിന്‍പുറത്തുകാരി.

  • അങ്കണ്‍വാടി കുരുന്നുകള്‍ക്ക് മുത്തശ്ശിയുടെ സമ്മാനം
    വീട്ടുജോലിക്കിടയില്‍ വീണുകിട്ടുന്ന അവസരങ്ങളില്‍ നോട്ടുബുക്കുകളും കടലാസുകളുമെല്ലാം അമ്മാളുവമ്മ വ്യത്യസ്ത ചിത്രങ്ങളുടെ ക്യാന്‍വാസുകളാക്കുന്നു. ജീവിതം ഏറെ മാറിയിട്ടും ചെറുപ്പകാലത്തെ ഈ ശീലം മാത്രം അവരെ വിട്ടുപോയിട്ടില്ല. അങ്കണ്‍വാടി കുട്ടികള്‍ക്ക് എളുപ്പത്തില്‍ ആസ്വദിക്കാനും നോക്കിവരക്കാനും കഴിയുന്ന മിഴിവാര്‍ന്ന ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഈ കലാകാരി. എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ചല്ലയിത്. പ്രശസ്തിക്കും അംഗീകാരത്തിനും പിറകെ പോകാതെ കാലങ്ങളായി നിശ്ശബ്ദമായി അവര്‍ തന്റെ സര്‍ഗാത്മക ലോകത്താണ്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിനിടയില്‍ വീണുകിട്ടുന്ന നിമിഷങ്ങള്‍ അമ്മാളുവമ്മ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കും. ചിത്രരചനയില്‍ മികവ് പുലര്‍ത്തിയിരുന്നതിനാല്‍ സ്‌കൂള്‍ പഠനകാലത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് വാര്‍ധക്യത്തിലെത്തിയിട്ടും ചിത്രകലയെ ഹൃദയത്തോട് ചേര്‍ത്തുവെക്കാനും ഭാവനകളും ആശയങ്ങളും കടലാസില്‍ ഭംഗിയായി പകര്‍ത്താനും ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. തന്റെ സര്‍ഗശേഷിയെ തളര്‍ത്താന്‍ പ്രായത്തിന് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഓരോ ചിത്രവും.

എവിടെയും പരിശീലനം നേടാതെയാണ് അമ്മാളുവമ്മ ചിത്രകല സ്വായത്തമാക്കിയത്. പെന്‍സില്‍ ഡ്രോയിംഗും പെയിന്റിംഗുമൊക്കെ അനായാസം ചെയ്യുന്നു. ചില ആനുകാലികങ്ങളില്‍ കഥകള്‍ക്ക് ചിത്രം വരച്ചും ആള്‍ക്കാരുടെ ഫോട്ടോകള്‍ നോക്കി അതുപോലെ വരച്ചും ഈ രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചെങ്കിലും അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും ഈ ചിത്രകാരിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കാസര്‍കോട് പുല്ലൂര്‍പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കല്ലുമാളത്തിലുള്ള വീട്ടില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ തന്റെ കര്‍മത്തില്‍ അവര്‍ മുഴുകുകയാണ്. ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂള്‍ മറ്റ് നിരവധി കലാകാരന്മാരെയും കലാകാരികളെയും കൂട്ടത്തില്‍ ആദരിച്ചതാണ് ഏക അംഗീകാരം. നാട്ടില്‍ നിരവധി സാംസ്‌കാരിക സംഘടനകളും ക്ലബുകളും ഉണ്ടെങ്കിലും അമ്മാളുവമ്മയിലെ കലാകാരിയെ പ്രോത്സാഹിപ്പിക്കാനാരുമുണ്ടായില്ല. ഇവിടങ്ങളിലെ പരിപാടികള്‍ക്ക് പുറത്തുനിന്നും ചിത്രകാരന്മാരെയും ചിത്രകാരികളെയും കൊണ്ടുവന്ന് പങ്കെടുപ്പിച്ചിട്ടും അമ്മാളുവമ്മയെ മറക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ആരോടും അവര്‍ പരാതി പറഞ്ഞിട്ടില്ല. എന്നെങ്കിലും തന്നിലെ പ്രതിഭ അംഗീകരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസം അവര്‍ക്കുണ്ടായിരുന്നു.

  • നാടകം, കഥ, കവിത
    ഒരു കാലത്ത് അറിയപ്പെടുന്ന നാടക കലാകാരിയായിരുന്നു അമ്മാളു കെ നായര്‍ എന്ന അമ്മാളുവമ്മ. ഭര്‍ത്താവ് കെ കുമാരന്‍ നായരും നാടക കലാകാരനായിരുന്നു. ഭര്‍ത്താവിനൊപ്പം കെ പി എ സിയുടെയും മറ്റും നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. കെ കുമാരന്‍ നായരും നാടകാഭിനയത്തില്‍ അംഗീകാരം നേടിയിരുന്നു. രാഷ്ട്രീയ പരിപാടികളുമായി ബന്ധപ്പെട്ടും ഉത്സവപറമ്പുകളിലുമുള്ള നാടകങ്ങളില്‍ അമ്മാളുവമ്മ അഭിനയിച്ചിരുന്നു. വ്യത്യസ്ത സ്ത്രീകഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച് ആസ്വാദകരുടെ ഹൃദയം കീഴടക്കി. നിറഞ്ഞ സദസ്സിന് മുന്നില്‍ അവതരിപ്പിച്ച നാടകാഭിനയത്തെ കരഘോഷത്തോടെ കാണികള്‍ പ്രോത്സാഹിപ്പിച്ചത് ഇന്നും അമ്മാളുവമ്മയുടെ മനസ്സിലുണ്ട്. കൂലിവേല ചെയ്തും ബീഡിതെറുത്തും കുടുംബം പുലര്‍ത്തിയിരുന്ന അങ്ങേയറ്റം കഷ്ടതകള്‍ നിറഞ്ഞ ജീവിതയാത്രക്കിടെ നാടകപ്രവര്‍ത്തനം തുടരാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. ചിത്രകലാരംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ തേടിപ്പോകാനും അമ്മാളുവമ്മക്ക് കഴിഞ്ഞില്ല. കലാകാരി എന്നതിനപ്പുറം ഒരു സാധാരണക്കാരി ആയിരുന്നല്ലൊ അവര്‍. ജീവിതസാഹചര്യം അത്രക്കും പ്രതികൂലമായിരുന്നു. ഇതിനിടെ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ ദൈവമക്കള്‍ എന്ന ടെലിഫിലിമില്‍ അഭിനയിക്കാന്‍ അവസരം കൈവന്നു. അഭിനയം ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും അതിന് തുടര്‍ച്ചകളുണ്ടായില്ല. മുന്‍ മന്ത്രി എന്‍ കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കാസര്‍കോട്ട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ക്രാന്തദര്‍ശി എന്ന പത്രത്തില്‍ അമ്മാളുവമ്മയുടെ കഥ പ്രസിദ്ധീകരിച്ചിരുന്നു. കവിതകളും എഴുതാറുണ്ട്. കവിതകള്‍ നോട്ടുബുക്കുകളില്‍ എഴുതി സൂക്ഷിക്കും എന്നല്ലാതെ പ്രസിദ്ധീകരണത്തിന് അയക്കാറില്ല.
    മനുഷ്യനും മൃഗങ്ങളും മരങ്ങളും പക്ഷികളും കടലാസുകളില്‍ വിസ്മയചിത്രങ്ങളാക്കി കുട്ടികള്‍ക്ക് നല്‍കുമ്പോഴുള്ള സംതൃപ്തി ഒന്നുവേറെയാണെന്ന് അമ്മാളുവമ്മ പറയുന്നു. നിരവധി അങ്കണ്‍വാടികള്‍ക്ക് ഇതിനകം ചിത്രങ്ങള്‍ വരച്ചു. കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിക്കുന്ന അങ്കണ്‍വാടികള്‍ക്ക് സര്‍ക്കാറിന്റെ പ്രത്യേക പരിഗണനയുണ്ട്. അതുകൊണ്ടുതന്നെ അങ്കണ്‍വാടി അധ്യാപികമാര്‍ കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാനായി അമ്മാളുവമ്മയെ സമീപിക്കുന്നു. അല്‍പ്പക്കത്തെയും ബന്ധുക്കളായ കുട്ടികളുമൊക്കെ ചിത്രങ്ങള്‍ക്ക് സമീപിക്കാറുണ്ട്. യാതൊരു മടിയുമില്ലാതെ ഇവര്‍ക്ക് ചിത്രം വരച്ചുകൊടുക്കും. ഭര്‍ത്താവ് കുമാരന്‍ നായര്‍ വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുന്നു.

അമ്മാളുവമ്മയുടെ ചിത്രങ്ങളെക്കുറിച്ചറിഞ്ഞതോടെ പേരക്കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരെത്തുകയും പ്രശംസിക്കുകയും ചെയ്തു. സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അമ്മാളുവമ്മയെ ആദരിക്കാമെന്ന ഉറപ്പുമായാണ് അവര്‍ മടങ്ങിയത്. കുട്ടികള്‍ക്ക് പഠിക്കാനുതകുന്ന ചിത്രങ്ങള്‍ വരച്ചു നല്‍കണമെന്ന അധ്യാപകരുടെ അഭ്യര്‍ഥനയും അമ്മാളുവമ്മ സ്വീകരിച്ചു. ചിത്രകലയിലും നാടകത്തിലും മാത്രമല്ല അമ്മാളുവമ്മക്ക് അപാരമായ പൊതുഅറിവുമുണ്ട്. പഠിച്ച് അധ്യാപികയാകാനായിരുന്നു മോഹം. പത്താം തരം ജയിച്ചെങ്കിലും ജീവിതസാഹചര്യങ്ങള്‍ അവരുടെ വിധി മാറ്റിയെഴുതുകയായിരുന്നു.
കഴിയുന്നത്ര കാലം നിശ്ശബ്ദമായി വരയ്ക്കുക എന്നതിനപ്പുറം വലിയ ആഗ്രഹങ്ങളൊന്നും ഈ കലാകാരിക്കില്ല. കഴിയുമെങ്കില്‍ തന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്താനുള്ള അഭിലാഷം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.