വേണം, ക്രൗര്യത്തിന് കടിഞ്ഞാണ്‍

Posted on: November 11, 2018 1:58 pm | Last updated: November 11, 2018 at 7:20 pm

നെയ്യാറ്റിന്‍കര സനല്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പോലീസ് വകുപ്പിനാകെ തന്നെ നാണക്കേട് സൃഷ്ടിക്കുന്നതാണ്. അതിവേഗത്തില്‍ വരുന്ന വാഹനത്തിന്റെ മുന്നിലേക്ക് ഡി വൈ എസ് പി. ബി ഹരികുമാര്‍ പിടിച്ചു തള്ളിയതു കൊണ്ടവസാനിക്കുന്നില്ല, മൂന്നംഗ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സനല്‍കുമാറിനു നേരെയുള്ള പോലീസ് ക്രൂരത. കാര്‍ കയറി ഗുരതരമായി പരുക്കേറ്റ് പിടഞ്ഞു കൊണ്ടിരുന്ന സനലിനെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ നെയ്യാറ്റിന്‍കര എസ് ഐ ഗുരുതര വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കയാണിപ്പോള്‍. പ്രതിയായ ഡി വൈ എസ് പി. ഹരികുമാറിനെ രക്ഷപ്പെടുത്തുന്നതിനായി സ്ഥലത്തെ പോലീസുകാര്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചതായും വ്യക്തമായിരിക്കുന്നു. കേസിലെ ഏക സാക്ഷിയായ ഹോട്ടല്‍ ഉടമ മാഹിനു നേരെ ഭീഷണി ഉയര്‍ന്നു കൊണ്ടിരിക്കയുമാണ്.
സനല്‍ കുമാര്‍ കാര്‍ കയറി ഗുരുതരമായി പരുക്കേറ്റ വിവരം ഡി വൈ എസ് പി. ഹരികുമാര്‍ ഉടനെ തന്നെ എസ് ഐയെ ഫോണില്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ വളരെ വൈകിയാണ് പോലീസ് സ്ഥലത്തെത്തിയതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉദ്ധരിച്ചാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, മരണം മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന സനലിനെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. തുടക്കത്തില്‍ പോലീസ് ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ആംബുലന്‍സ് സ്റ്റേഷനിലേക്കു പോയ സി സി ടി വി ദൃശ്യം പുറത്തുവന്നതോടെ അവരുടെ വാദം പൊളിയുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ആംബുലന്‍സ് പതിയെ ഓടിക്കാന്‍ പോലീസ് നിര്‍ദേശിച്ചതായി ഡ്രൈവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ബീക്കണ്‍ ലൈറ്റും സൈറണും മുഴക്കാതെ .ഓടിക്കാനായിരുന്നുവത്രേ പോലീസിന്റെ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് സനല്‍ മരിച്ചെന്ന് ഉറപ്പാക്കും വരെ പ്രതി ഹരികുമാര്‍ പോലീസുകാരുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ സമയം നഷ്ടപ്പെടുത്തിയിരുന്നില്ലായിരുന്നെങ്കില്‍ സനലിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ്ചന്ദ്രനെയും ഷിബുവിനെയും ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
ആത്മഹത്യാ ശ്രമമെന്നായിരുന്നുവത്രെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച പോലീസുകാര്‍ ആദ്യം ഡോക്ടര്‍മാരെ ധരിപ്പിച്ചത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വാഹനം ഇടിച്ചതാണെന്ന് മാറ്റിപ്പറയുകയും മരണം സ്ഥിരീകരിച്ചതോടെ അവര്‍ സ്ഥലം വിടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് സനലിന്റെ സുഹൃത്തുക്കളാണ് സംഭവം കൊലപാതകമാണെന്ന് ഡോക്ടര്‍മാരെ ധരിപ്പിച്ചതും രേഖകള്‍ തിരുത്തിയെഴുതിച്ചതും. കേസന്വേഷണം ശരിയായി നടത്തുന്നതിന് പകരം പോലീസ് തുടക്കം മുതലേ പ്രതിയെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനുമാണ് ശ്രമിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്.
സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങളും പോലീസിലെ ക്രിമിനലുകളുടെ എണ്ണവും വര്‍ധിച്ചു വരികയാണ.് വാരാപ്പുഴയിലെ കസ്റ്റഡി മരണം, കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച കരുനാഗപ്പള്ളി സ്വദേശി സൗന്തനെ ജാമ്യ ഉത്തരവ് കാണിച്ചിട്ടും അര്‍ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത്, കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനില്‍ അനൂപ് എന്ന യുവാവിനെ ലോക്കപ്പില്‍ പൂര്‍ണ നഗ്നനാക്കി മര്‍ദിച്ചത്, ഗവര്‍ണര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനിടെ കോട്ടക്കല്‍ നഗരത്തില്‍ 68കാരന്റെ മൂക്കിടിച്ചു തകര്‍ത്ത സംഭവം തുടങ്ങി അടുത്ത കാലത്തായി പോലീസ് ക്രൂരതകളുടെ നിരവധി വാര്‍ത്തകളാണ് പുറത്തു വന്നത്. കാക്കി ധരിച്ചാല്‍ ആരെയും തല്ലുകയും കൊല്ലുകയും ചെയ്യാമെന്ന് ചിന്തിക്കുന്ന കൊളോണിയലിസത്തിന്റെ ശേഷിപ്പുകളായ ഒരു വിഭാഗം ഇപ്പോഴും പോലീസിലുണ്ട്. മൂന്നാം മുറ പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രിയും ഡി ജി പിയും പലകുറി ആവര്‍ത്തിച്ചിട്ടും ഇപ്പോഴും മിക്ക സ്റ്റേഷനുകളിലും അത് തുടരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പതിവിനും വലിയ മാറ്റമൊന്നുമില്ല. സംസ്ഥാനത്തെ തടവുകാരില്‍ നല്ലൊരു വിഭാഗവും നിരപരാധികളാണെന്ന് വിളിച്ചു പറഞ്ഞത് ജയില്‍ അധികാരികള്‍ തന്നെയാണ്. കുറ്റാരോപിതരായ പോലീസുകാര്‍ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ്തലത്തിലും രാഷ്ട്രീയതലത്തിലും സഹായം ലഭിക്കുന്നതാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. സനല്‍ കുമാര്‍ കേസില്‍ കുറ്റാരോപിതനായ ഡി വൈ എസ് പിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മണല്‍- ക്വാറി മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും നേരത്തെ വ്യക്തമായതാണ്. കഴിഞ്ഞ ഏപ്രില്‍ 25ന് ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു. എന്നിട്ടും രാഷ്ട്രീയ തലപ്പത്തുള്ളവര്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ആവര്‍ത്തിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പ് അധികൃതര്‍ ചെവികൊണ്ടിരുന്നെങ്കില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ സനല്‍ കുമാറിന്റെ കുടുംബം അനാഥമാകുമായിരുന്നോ? ഇത്തരം ക്രിമിനലുകളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച റെക്കോര്‍ഡുണ്ടായിരുന്ന കേരളാ പോലീസിന്റെ സല്‍പ്പേരിനും സര്‍ക്കാറിന്റെ പ്രതിച്ഛായക്കും മങ്ങലേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.