ലോകസമാധാനത്തിന് പ്രവാചക മാതൃക നിര്‍ദേശിച്ച് മഅ്ദിന്‍ വൈസനിയം പീസ് കോണ്‍ഫറന്‍സ്

Posted on: November 10, 2018 10:19 pm | Last updated: December 26, 2018 at 4:38 pm
വൈസനിയം സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂഡല്‍ഹി ഇന്ത്യന്‍ ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പീസ് കോണ്‍ഫറന്‍സ് സോമനാഥ് ഭാരതി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ന്യൂഡല്‍ഹി: ലോകസമാധാനത്തിന് പ്രവാചക മാതൃക നിര്‍ദേശിച്ച് മഅ്ദിന്‍ വൈസനിയം പീസ് കോണ്‍ഫറന്‍സ്. ഡല്‍ഹി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമാധാന സമ്മേളനം ഡല്‍ഹി മാളവ്യനഗര്‍ എം എല്‍ എ സോമനാഥ് ഭാരതി ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യനാകാന്‍ മുസ്‌ലിംകള്‍ അവരുടെ വേദഗ്രന്ഥങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിനുള്ള ശ്രമങ്ങള്‍ അടിസ്ഥാനഘടകമായ കുടുംബത്തില്‍ നിന്ന് ആരംഭിക്കണമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. സമാധാനത്തിനും സൗഹൃദത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ കുടുംബങ്ങള്‍ക്കിടയില്‍ നിന്നും സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനാവശ്യമായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ കേരളത്തിലെ സന്നദ്ധ സംഘടനകള്‍ തയ്യാറാണെന്ന് മര്‍കസ് നോളജ്‌ സിറ്റി ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍, ഒ.പി ജിന്താള്‍ സര്‍വകലാശാല ഡയറക്ടര്‍ അമാന്‍ ശാഹ, ഈജിപത് കള്‍ച്ചറല്‍ കോണ്‍സുലര്‍ പ്രൊഫ. മുഹമ്മദ് ശുകര്‍ നദ, മോറോക്കോ കോണ്‍സുലര്‍ ഹിശാം ബായര്‍, മൊറോക്കോ എംബസി ഫസ്റ്റ് സെക്രട്ടറി മുഹമ്മദില്‍ വാഇല്‍, ഉമര്‍ മേല്‍മുറി, സുബൈല്‍ അംജദി ജെ.എന്‍.യു, വൈസനിയം ഇന്റര്‍ നാഷണല്‍ റിലേഷന്‍ ഓഫീസര്‍ ഹബീബ് കോയ, അമീന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

അടുത്ത മാസം 27 മുതല്‍ 30 വരെ മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഡല്‍ഹിയില്‍ പീസ് കോണ്‍ഫറസ് സംഘടിപ്പിച്ചത്. വിവിധ യു എന്‍ ഏജന്‍സികള്‍ അന്താരാഷ്ട്ര സര്‍വകലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന വൈസനിയം സമ്മേളനം നടക്കുന്നത്.