ശബരിമലയിലെ നിലവിലെ സാഹചര്യം ദേശവിരുദ്ധ ശക്തികള്‍ മുതലെടുത്തേക്കാം; സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

Posted on: November 10, 2018 2:45 pm | Last updated: November 10, 2018 at 6:58 pm

കൊച്ചി: യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലെടുത്തേക്കാമെന്നും ജില്ലാ ജഡ്ജികൂടിയായ എം മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലക്ഷക്കണക്കിന് ഭക്തരാണ് മണ്ഡലകാലത്ത് സന്നിധാനത്തെത്തുക. നിലവിലെ അലസ്ഥ തുടര്‍ന്നാല്‍ മകരവിളക്ക് കാലം കൂടുതല്‍ കലുഷിതമാകും. തിക്കിലും തിരക്കിലും തീര്‍ഥാടകര്‍ക്ക് ജീവാപായം തന്നെ ഉണ്ടായേക്കാംമെന്നും റിപ്പോര്‍ട്ടിലുണ്ട്. ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീകളെ സന്നിധാനത്ത് തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ ചിലര്‍ കയറിയത് ആചാര ലംഘനമാണ്. വിശ്വാസത്തിന്റേയും പ്രതിഷേധത്തിന്റേയും പേരിലാണ് ഇവിടെ പ്രതിഷേഘം അരങ്ങേറുന്നത്. സുരക്ഷാഭീഷണിയുള്ള തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ ദേശവിരുദ്ധ ശ്കതികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലെടുത്തേക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കോടതി അടുത്ത മാസം പരിഗണിക്കും.