യു എസിലെ ഇടക്കാല വിധി

Posted on: November 10, 2018 8:45 am | Last updated: November 9, 2018 at 10:14 pm

അമേരിക്കന്‍ ജനതയുടെ രാഷ്ട്രീയ മുന്‍ഗണനയില്‍ വലിയ അട്ടിമറി സംഭവിച്ചിരിക്കുന്നുവെന്ന് വിലയിരുത്താനാകില്ലെങ്കിലും അവിടെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും സ്റ്റേറ്റ് ഗവര്‍ണര്‍മാരെ നിശ്ചയിക്കാനും നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ വിധി ചില സൂചനകള്‍ നല്‍കുന്നുണ്ട്. ലോക രാഷ്ട്രീയത്തിന്റെ ഗതി തന്നെ സ്വാധീനിക്കാവുന്ന നിലയിലേക്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതിവൈകാരിക തീരുമാനങ്ങള്‍ അപകടകരമാകുമ്പോള്‍ ജനപ്രതിനിധി സഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കേറ്റ തിരിച്ചടി ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസകരമാണ്. അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ നിലപാടുകള്‍ക്ക് അമേരിക്കന്‍ ജനത അതേപടി പച്ചക്കൊടി കാണിക്കുന്നില്ലെന്ന് തന്നെയാണ് ഈ വിധിയുടെ ആന്തരാര്‍ഥം. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിയതുകൊണ്ട് ട്രംപിന്റെ മുന്നോട്ടുള്ള വഴിയടയ്ക്കാനായതുമില്ല.

എട്ട് വര്‍ഷത്തിന് ശേഷമാണ് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 35 സീറ്റുകളിലേക്കാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 26 സീറ്റുകളില്‍ ഡെമോക്രാറ്റുകള്‍ വിജയം നേടി. ഇതോടെ ആകെയുള്ള 435 സീറ്റില്‍ 238ല്‍ ഡെമോക്രാറ്റുകള്‍ക്ക് മേധാവിത്വമായി. 197 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒതുങ്ങി. ഇതോടെ ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി ജനപ്രതിനിധി സഭയുടെ സ്പീക്കറായി വരുമെന്നുറപ്പായി. ഇത് ട്രംപ് ഭരണകൂടത്തിന് സഹിക്കാവുന്നതിലപ്പുറമാണ്. ഇനി ഒരു തീരുമാനവും ഏകപക്ഷീയമായി നടപ്പാക്കാനാകില്ല. ഡെമോക്രാറ്റുകളുടെ സഹകരണം അനിവാര്യമായി വരും.

എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി 54 സീറ്റ് നേടി മേധാവിത്വം മെച്ചപ്പെടുത്തി. ഈ വിജയം ആഘോഷിക്കുന്ന സമീപനമാണ് ട്രംപ് പുറത്തെടുക്കുന്നത്. തോല്‍ക്കുമ്പോഴും അത് പുറത്ത് കാണിക്കാതെയിരിക്കാനും നയം മാറ്റത്തിന് താന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കാനും സെനറ്റിലെ വിജയം അദ്ദേഹം ഉപയോഗിക്കുകയാണ്. ‘ഇത് ആഘോഷത്തിന്റെ ദിനമാണ്, എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി’യെന്നാണ് ഫലം വന്ന ശേഷം അദ്ദേഹം പ്രതികരിച്ചത്. കുടിയേറ്റക്കാരെ തടയണമെന്ന് തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ക്രിമിനലുകളെ രാജ്യത്തേക്ക് ആനയിച്ചവര്‍ക്കും അവരെ പിന്തുണച്ച മാധ്യമങ്ങള്‍ക്കുമുള്ള സന്ദേശമാണ് ജനവിധിയെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഭരണത്തിലിരിക്കുന്ന പ്രസിഡന്റുമാരുടെ പാര്‍ട്ടിക്ക് സമ്പൂര്‍ണ വിജയം സമ്മാനിക്കുന്ന ഇടക്കാല ഫലങ്ങള്‍ പൊതുവേ അമേരിക്കയിലുണ്ടാകാറില്ല. ബരാക് ഒബാമയുടെ കാലത്തും അത്തരമൊരു വിജയമധുരം നുകരാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, വലിയ തിരുത്തലുകള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റുമാര്‍ തയ്യാറാകാറുണ്ട്. എന്നാല്‍ ട്രംപില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടെന്നാണ് അദ്ദേഹം തുടക്കത്തിലേ വ്യക്തമാക്കുന്നത്. തന്നെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നിലക്കു നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണ് പത്രസമ്മേളനത്തില്‍ ട്രംപിനെ നിര്‍ത്തിപ്പൊരിച്ച സി എന്‍ എന്‍ ലേഖകന് വൈറ്റ്ഹൗസിലേക്കുള്ള പാസ് നിഷേധിച്ചത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇതിനായി ശ്രമം നടത്തിയിരുന്ന അറ്റോര്‍ണി ജനറലിനെ മാറ്റുകയും ചെയ്തു.

ഭ്രാന്തമായ വഴികളിലൂടെയാണ് ട്രംപ് സഞ്ചരിച്ചത്. മെക്‌സിക്കോക്കും അമേരിക്കക്കുമിടയില്‍ മതില്‍ പണിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അഭയാര്‍ഥികളെ ക്രൂരമായി തടഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചു. ബരാക് ഒബാമ കൊണ്ടുവന്ന ഇന്‍ഷ്വറന്‍സ് പദ്ധതി റദ്ദാക്കി. സിറിയയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇടപെട്ട് വഷളാക്കി. ഇസ്‌റാഈലിലെ യു എസ് എംബസി ജറൂസലമിലേക്ക് മാറ്റി ഫലസ്തീന്‍ പോരാട്ടത്തെ പിന്നില്‍ നിന്ന് കുത്തി മലര്‍ത്തി. ഇറാന്‍ ആണവ കരാര്‍ റദ്ദാക്കി. റഷ്യയുമായുള്ള ആയുധ നിയന്ത്രണ കരാറും ചവറ്റുകൊട്ടയിലെറിഞ്ഞു. യു എസില്‍ ജനിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും സ്വാഭാവികമായി പൗരത്വം സിദ്ധിക്കുന്ന പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള നിയമം തകര്‍ക്കാന്‍ പോകുകയാണ്. അമേരിക്കാ ഫസ്റ്റ് എന്ന അദ്ദേഹത്തിന്റെ കേള്‍ക്കാന്‍ സുഖമുള്ള മുദ്രാവാക്യം അങ്ങേയറ്റം പിന്തിരിപ്പനും മനുഷ്യത്വവിരുദ്ധവുമാണെന്ന് അമേരിക്കന്‍ ജനതയില്‍ നല്ലൊരു ശതമാനവും മനസ്സിലാക്കുന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നാല്‍ വൈകാരികമായ അതി ദേശീയതയില്‍ വീണുപോകുന്ന ഒരു പറ്റം പേര്‍ ഇപ്പോഴും ട്രംപില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നു.
ജനപ്രതിനിധി സഭയിലെ മേല്‍ക്കൈ ഡെമോക്രാറ്റുകള്‍ എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കുമെന്നതാണ് ഭാവിയിലേക്കുള്ള ചോദ്യം. ട്രംപിന്റെ തേരോട്ടത്തിന് തടയിടാന്‍ അവര്‍ക്ക് സാധിക്കുമോ? അതോ അവരും അതിദേശീയതയുടെ ആലസ്യത്തില്‍ വീഴുമോ? ഏതായാലും വല്ലാത്ത സമാനതയാണ് കാണുന്നത്. ഒരു പൊതു തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്ന ഇന്ത്യയില്‍ ട്രംപിന്റെ സുഹൃത്തുക്കള്‍ എത്ര വിദഗ്ധമായാണ് വൈകാരികതക്ക് തീ കൊടുക്കുന്നത്. ഇങ്ങനെയാണ് ജനാധിപത്യം ബന്ദിയാകുക.