International
2001ന് ശേഷം ഭീകരവിരുദ്ധ യുദ്ധത്തിനിടെ അഞ്ച് ലക്ഷം പേരെ യു എസ് കൊന്നു

വാഷിംഗ്ടണ്‍: ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ആക്രമണങ്ങളില്‍ അഞ്ച് ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി പഠനം. യു എസിലെ ബ്രൗണ്‍ യൂനിവേഴ്‌സിറ്റിയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷനല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് ആണ് പഠനം നടത്തി കണക്കുകള്‍ പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാക്കിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലെ ഭീകരവിരുദ്ധ വേട്ടയുടെ പേരിലാണ് ഇത്രയും മനുഷ്യരെ കൊന്നൊടുക്കിയതെന്ന് പഠനം വ്യക്തമാക്കുന്നു. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ഭീകരാക്രമണ ശേഷമായിരുന്നു യു എസിന്റെ ഭീകരവിരുദ്ധ യുദ്ധം ആരംഭിച്ചിരുന്നത്.
4,80,000ത്തിനും 5,07,000ത്തിനും ഇടയില്‍ ആളുകളെ യുദ്ധത്തിനിടെ അമേരിക്ക വധിച്ചു. എന്നാല്‍ പലപ്പോഴും മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പരിമിതികള്‍ യഥാര്‍ഥ മരണ സംഖ്യ കിട്ടുന്നതില്‍ പ്രതിസന്ധി ഉണ്ടാക്കാറുണ്ടെന്ന് പഠനം നടത്തിയ സംഘം തന്നെ സമ്മതിക്കുന്നുണ്ട്. എല്ലാ യുദ്ധങ്ങളിലും മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ എപ്പോഴും അപ്രാപ്യമായി തുടരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ അംഗം നേര ക്രൗഫെഡ് പറഞ്ഞു. ഇതിന്നുദാഹരണമാണ് ഇറാഖിലെ മൊസൂളില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുരത്താന്‍ അമേരിക്കയുടെയും ഇറാഖ് സൈന്യത്തിന്റെയും നേതൃത്വത്തില്‍ നടന്ന ഭീകരവിരുദ്ധ യുദ്ധം. പതിനായിരക്കണക്കിന് സാധാരണക്കാര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചുകിട്ടാത്തതിനാല്‍ ഇപ്പോഴും എത്ര പേര്‍ മരിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഇറാഖില്‍ മാത്രം 1,82,272നും 2,04,475നും ഇടയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. അഫ്ഗാനിസ്ഥാനില്‍ 3,84,80 പേരും അഫ്ഗാനിസ്ഥാനില്‍ 23,372 പേരും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേ കാലയളവില്‍ അമേരിക്കന്‍ സൈന്യത്തിലെ 7,000 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത കാരണങ്ങളുടെ പേരില്‍ മരിച്ചവരും നിരവധിയുണ്ട്. ഇത്തരം കണക്കുകളൊന്നും ഈ പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ സാധാരണക്കാരെ സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയ കണക്കുകളേക്കാള്‍ എത്രയോ അധികമാണ് ഇപ്പോള്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലുള്ളതെന്ന് ബ്രൗണ്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.