വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്തിരിയണം: മുഖ്യമന്ത്രി

Posted on: November 9, 2018 6:55 pm | Last updated: November 9, 2018 at 10:40 pm

തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സിവില്‍ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. രാജ്യതാത്പര്യത്തിന് ദോഷമാണ് ഈ നിലപാട്. ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം.

കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യപങ്കാളിത്തം പ്രയോജനപ്പെടുമെന്ന ന്യായം പറഞ്ഞാണ് കേന്ദ്രമന്ത്രിസഭ ഈ തീരുമാനമെടുത്തത്. എന്നാല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വികസനം കൊണ്ടുവരാനും നിക്ഷേപം ആകര്‍ഷിക്കാനും കഴിയും.

സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ നടപടികള്‍ നീങ്ങുന്നതിനിടയിലാണ് സ്വകാര്യവത്കരിക്കാനുളള തീരുമാനം വരുന്നത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 18 ഏക്ര ഭൂമി കൂടി ഏറ്റെടുത്തു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ മുന്നോട്ടു നീങ്ങുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനല്‍ മാറ്റുന്നതിന് നേരത്തെയും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കേരളത്തെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.