മാവോയിസ്റ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് മോദി

Posted on: November 9, 2018 3:06 pm | Last updated: November 9, 2018 at 5:10 pm

പാവപ്പെട്ട ആദിവാസികളെ സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി ചൂഷണം ചെയ്യുന്ന പരിഷ്‌കൃത മാവോയിസ്റ്റുകളെ കോണ്‍ഗ്രസ് എന്തിനാണ് പിന്തുണക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്ഗഢിലെ ബസ്തറില്‍ ബി ജെ പിയുടെ പ്രചാരണ റാലിയില്‍ പങ്കെടുത്തു പ്രസംഗിക്കവെയാണ് മോദി ഈ ചോദ്യമുന്നയിച്ചത്. ശീതീകരിച്ച മുറികളില്‍ കഴിയുകയും വിലയേറിയ കാറുകളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന പരിഷ്‌കൃത മാവോയിസ്റ്റുകള്‍ റിമോട്ട് കണ്‍ട്രോള്‍ വഴി ആദിവാസി യുവാക്കളുടെ ജീവിതം നശിപ്പിക്കുകയാണ്. ഇതിനെതിരായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അവര്‍ തെരുവിലിറങ്ങും. ഇത്തരക്കാര്‍ക്ക് എങ്ങനെ മാപ്പു നല്‍കാനാകും. ഒരുവശത്ത് മാവോയിസ്റ്റുകള്‍ക്ക് സംരക്ഷണമൊരുക്കുകയും മറുവശത്ത് അവരില്‍ നിന്ന് സംസ്ഥാനത്തെ സ്വതന്ത്രമാക്കണമെന്ന് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോണ്‍ഗ്രസിന്റെത്- പ്രധാനമന്ത്രി പറഞ്ഞു. പേന പിടിക്കേണ്ട കൈകളില്‍ ആയുധങ്ങള്‍ പിടിപ്പിക്കുകയാണ് നക്‌സലുകള്‍ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വികസനത്തെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അവഗണിച്ചതായും മോദി ആരോപിച്ചു.

മാവോയിസ്റ്റുകളെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് ഇടത് അനുകൂല പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെയാണ് പരിഷ്‌കൃത മാവോയിസ്റ്റുകള്‍ എന്ന പ്രയോഗം നിലവില്‍ വന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെറേറ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, എഴുത്തുകാരനും മാവോയിസ്റ്റ് വക്താവുമായ വരവര റാവു എന്നിവരെയാണ് ആഗസ്റ്റില്‍ നഗരപ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിനിടെ പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് കോര്‍ഗോവ് ഭീമയില്‍ നടന്ന അക്രമ സംഭവങ്ങളുടെ തലേന്ന് മാവോയിസ്റ്റുകള്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി പ്രസി. അമിത് ഷാ രംഗത്തു വന്നിരുന്നു.