Connect with us

National

അഴിമതിക്കേസ്: സി ബി ഐ ഡയരക്ടര്‍ അലോക് വര്‍മ വീണ്ടും സി വി സി മുമ്പാകെ ഹാജരായി

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കുറ്റാരോപിതനായ സി ബി ഐ ഡയരക്ടര്‍ അലോക് വര്‍മ വീണ്ടും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി വി സി) മുമ്പാകെ ഹാജരായി. ഡെപ്യൂട്ടി ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറുമായ രാകേഷ് അസ്താന നല്‍കിയ കേസിലാണ് വര്‍മ ഇത് രണ്ടാം തവണ സി വി സി മുമ്പാകെ എത്തിയത്. ഇന്നലെ വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരിയെ കണ്ട വര്‍മ തനിക്കെതിരായ ആരോപണം നിഷേധിച്ചിരുന്നു. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളെ നീണ്ടു. തുടര്‍ന്ന് വിജിലന്‍സ് കമ്മീഷണര്‍ ശരത് കുമാറിനെയും അദ്ദേഹം സന്ദര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വര്‍മയെയും അസ്താനയെയും സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വര്‍മക്കെതിരായ ആരോപണം സംബന്ധിച്ച അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഒക്ടോ: 26ന് സുപ്രീം കോടതി സി വി സിയോട് ആവശ്യപ്പെട്ടിരുന്നു. വര്‍മക്കെതിരെ അസ്താന നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് നിര്‍ണായക കേസുകള്‍ അന്വേഷിക്കുന്ന ചില സി ബി ഐ ഉദ്യോഗസ്ഥരെ കമ്മീഷന്‍ വിചാരണ ചെയ്തിരുന്നു. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് എ കെ പ്ടനായികിന്റെ മേല്‍നോട്ടത്തിലാകണം കേസന്വേഷണം നടത്തേണ്ടതെന്ന് പരമോന്നത കോടതി സി വി സിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തന്നെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ വര്‍മ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.