റെയില്‍വേ നടപടി അപഹാസ്യം

Posted on: November 9, 2018 8:45 am | Last updated: November 8, 2018 at 9:48 pm

മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ട പോലെ സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞുനിന്നവര്‍ക്കും ദേശീയ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി വിടുവേല ചെയ്തവര്‍ക്കും പ്രസ്തുത ചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ ഇഷ്ടമുണ്ടാകില്ല. ഇതിലപ്പുറം മറ്റെന്ത് ന്യായമാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വരച്ച വാഗണ്‍ ട്രാജഡി ചിത്രങ്ങളോടുള്ള ബി ജെ പിയുടെ എതിര്‍പ്പിനും അത് മായ്ച്ചു കളയാന്‍ നിര്‍ദേശം നല്‍കിയ റെയില്‍വേ നടപടിക്കും ചൂണ്ടിക്കാണിക്കാനുള്ളത്?
റെയില്‍വേ സ്‌റ്റേഷനുകളുടെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് മംഗലാപുരം, കണ്ണൂര്‍, തിരൂര്‍, പാലക്കാട്, സ്‌റ്റേഷനുകളില്‍ കല, സംസ്‌കാരം, ചരിത്രസംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചുമര്‍ ചിത്രങ്ങള്‍ വരയാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇതു പ്രകാരം കണ്ണൂര്‍ സ്‌റ്റേഷനില്‍ തെയ്യരൂപങ്ങളും പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയും വരച്ചിട്ടുണ്ട്. തിരൂരുമായി ബന്ധപ്പെട്ട സംഭവമെന്ന നിലയിലാണ് അവിടെ വാഗണ്‍ ട്രാജഡിയുടെയും തുഞ്ചത്തെഴുത്തച്ഛന്റെയും ചിത്രങ്ങള്‍ വരക്കാന്‍ തീരുമാനിച്ചത്. റെയില്‍വേയുടെ പ്രത്യേക അനുമതിയോടെ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ എസ് രാജഗോപാലിന്റെ നേതൃത്വത്തില്‍ അവിടെ ചിത്രങ്ങള്‍ വരക്കുകയും ചെയ്തു. ഇതിന്റെ പണികളെല്ലാം പൂര്‍ത്തിയായപ്പോഴാണ് വാഗണ്‍ ട്രാജഡി ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബി ജെ പിയും ഇതര സംഘ്പരിവാര്‍ സംഘടനകളും രംഗത്തുവന്നത്. തൊള്ളായിരത്തി ഇരുപതുകളില്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമാണ് അവരുടെ ആരോപണം. ബി ജെ പി തിരൂര്‍ മണ്ഡലം പ്രസിഡന്റ് പ്രേം കുമാര്‍ ഇത് സംബന്ധിച്ച് റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ക്ക് പരാതിയും നല്‍കി. ഇതടിസ്ഥാനത്തില്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡില്‍ നിന്നും അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ചിത്രങ്ങള്‍ പൂര്‍ത്തിയായതിന്റെ പിറ്റേന്ന് മായ്ച്ചു കളഞ്ഞത്.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ഞെട്ടലും നടുക്കവുമുളവാക്കുന്നതും ദുഃഖപൂര്‍ണവുമായ അധ്യായമാണ് മലബാറുകാരായ നൂറോളം സമരപോരാളികളെ ചരക്കു കയറ്റിക്കൊണ്ടു പോകുന്ന റെയില്‍വേ ബോഗിയില്‍ കുത്തി നിറച്ച് തിരൂരില്‍ നിന്ന് കോയമ്പത്തൂര്‍ ജയിലിലേക്കയച്ച വാഗണ്‍’ട്രാജഡി സംഭവം. കോയമ്പത്തൂരില്‍ എത്തുന്നതിന് മുമ്പ് പോത്തന്നൂരില്‍ നിന്ന് ബോഗിയുടെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ കണ്ട ഭീകരദൃശ്യം അന്നത്തെ ബ്രിട്ടീഷ് സൈനികരെ പോലും ഞെട്ടിച്ചിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ശ്വാസം കിട്ടാതെ 64 പേര്‍ കണ്ണ് തുറിച്ചും നാക്ക് നീട്ടിയും ബോഗിക്കകത്ത് മരിച്ചു കിടക്കുന്നു. മുസ്‌ലിംകള്‍ മാത്രമല്ല, നാല് തിയ്യ സമുദായക്കാരുമുണ്ടായിരുന്നു കൂട്ടത്തില്‍. ജീവന്‍ അവശേഷിച്ചവരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്കയച്ചെങ്കിലും എട്ട് പേര്‍ അവിടെ എത്തുന്നതിന് മുമ്പേയും മരിച്ചു. റിച്ചാര്‍ഡ് ഹാര്‍വാര്‍ഡ് ഹിച്ച്‌കോക്കാണ് ഈ കൂട്ടക്കുരുതിക്ക് ഉത്തരവിട്ടത്. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നുര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ തയ്യാറാകാത്തതിനാല്‍ അവരെ തിരൂരിലേക്കു തന്നെ മടക്കിക്കൊണ്ടുവന്ന കോരങ്ങത്തു ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാല് ഇതരസമുദായക്കാരെ മുത്തനൂരിലും സംസ്‌കരിച്ചു.

വാഗണ്‍ ട്രാജഡി പോലുള്ള സ്വാതന്ത്ര്യ സമരത്തിലെ അവിസ്മരണീയ അധ്യായങ്ങളോട് ബി ജെ പികാണിക്കുന്ന നീരസം മനസ്സിലാക്കാം. സ്വാതന്ത്ര്യ സമരത്തില്‍ ഒട്ടും പങ്കാളിത്തമില്ലാത്തവരും സുദീര്‍ഘമായ കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ നിന്ന് വിട്ടുനിന്നവരുമാണ് ഇന്നത്തെ ബി ജെ പിയുടെ പൂര്‍വികരായ ഹിന്ദു മഹാസഭക്കാരും ആര്‍ എസ് എസും. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട കാലത്ത് ആര്‍ എസ് എസ് സ്ഥാപകരില്‍ പ്രമുഖനായ മുഞ്‌ജേ തന്റെ അനുയായികളെ ഉപദേശിച്ചത് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു. ദേശീയ സമര നായകന്മാരുടെ പട്ടികയില്‍ മുസ്‌ലിം നേതാക്കളുടെ വലിയൊരു നിര തന്നെ കാണാം. എന്നാല്‍, മഷിയിട്ടു തിരഞ്ഞാല്‍ പോലും ഹിന്ദു മഹാസഭയുടെയോ ആര്‍ എസ് എസിന്റെയോ ഒരു നേതാവിനെ പോലും കൂട്ടത്തില്‍ കണ്ടെത്താനാവില്ല. 1940-41 കാലത്തെ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലോ 1942ലെ ക്വിറ്റ് ഇന്ത്യാസമരത്തിലോ 1947ലെ നാവികകലാപത്തിലോ ഐ എന്‍ എ പോരാളികളെ മോചിപ്പിക്കുന്നതിനായുള്ള സമരത്തിലോ ഒന്നും തന്നെ ആര്‍ എസ് എസ് പങ്കാളിത്തം ഉണ്ടായിരുന്നില്ല.

എന്നാല്‍, രാജ്യത്തെ ഒരു പൊതുമേഖലാ സ്ഥാപനമാണ് റെയില്‍വേ. ബഹുസ്വരത അംഗീകരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനും മാനിക്കാനും ബാധ്യസ്ഥമായ റെയില്‍വേ സംഘ്പരിവാറിന്റെ എതിര്‍പ്പിന്റെ പേരില്‍ ദേശീയ സമരത്തിലെ ഉജ്വല അധ്യായവും ദേശീയമായും പ്രാദേശികമായും അതീവ പ്രാധാന്യമുള്ളതുമായ വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞത് അപഹാസ്യവും ന്യായീകരിക്കാനാകാത്തതുമാണ്. വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിയില്‍ ചൂളിപ്പോകേണ്ടവരല്ല രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും നികുതിപ്പണം കൊണ്ട് നിലനില്‍ക്കുന്ന ഈ സ്ഥാപനം. അതേസമയം ചുമര്‍ചിത്രങ്ങള്‍ മായ്ച്ചതു കൊണ്ടോ മുസ്‌ലിം ബന്ധമുള്ള സ്ഥലനാമങ്ങള്‍ മാറ്റിയതുകൊണ്ടോ തമസ്‌കരിക്കാനാവില്ല ദേശീയ സമരത്തിലെയും രാഷ്ട്ര നിര്‍മാണത്തിലെയും മുസ്‌ലിംകളുടെ പങ്ക്. നവാബ് അലി ബഹദൂര്‍, മൗലാനാ അഹ്മദുല്ലാ ഖാന്‍, നവാബ് തവസ്സുല്‍ ഹുസൈന്‍ തുടങ്ങി ഒട്ടേറെ മുസ്‌ലിം നേതാക്കള്‍ അണി നിരന്ന 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ അതിന്റെ അവസാനത്തെ അധ്യായത്തില്‍ വരെ കാണാം മുസ്‌ലിം നേതൃത്വത്തിന്റെ ഉജ്വല പങ്ക്. ഇത്തരം ചരിത്ര സത്യങ്ങള്‍ എക്കാലവും നിലനില്‍ക്കും. വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന സംഘ്പരിവാര്‍ വാദം ചരിത്രം പുച്ഛിച്ചു തള്ളുകയും ചെയ്യും.