വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ നീക്കിയ സംഭവം; രാഷ്ട്രപതിക്ക് സ്പീക്കര്‍ കത്തയച്ചു

Posted on: November 8, 2018 9:03 pm | Last updated: November 8, 2018 at 9:03 pm

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിന്റെ ഏടുകളിലൊന്നായ വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ സംഘ്പരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് റെയില്‍വേ ചുമരില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിഷേധിച്ചു. ചുമര്‍ചിത്രങ്ങള്‍ നീക്കം ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും സ്വാതന്ത്ര്യസമര ചരിത്രത്തെ അവഹേളിക്കുന്ന നടപടിയാണിതെന്നും സ്പീക്കര്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സ്പീക്കര്‍ കത്തയച്ചു.

മൂന്ന് ദിവസമെടുത്ത് വരച്ച ചരിത്ര ചിത്രങ്ങള്‍ കഴിഞ്ഞ ഞായറാഴ്ചയോടെയാണ് പൂര്‍ത്തിയായത്. വാഗണ്‍ ട്രാജഡിക്ക് പുറമേ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. എന്നാല്‍ ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും അടുത്ത ദിവസം കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചിത്രം മായ്ച്ചു കളയാന്‍ ഉത്തരവിറക്കുകയുമായിരുന്നു.