ജയലളിതയെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; ‘സര്‍ക്കാര്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കെതിരെ എ ഐ എ ഡി എം കെ ആക്രമണം

Posted on: November 8, 2018 5:45 pm | Last updated: November 8, 2018 at 6:36 pm

ചെന്നൈ: വിജയ് നായകനായ ‘സര്‍ക്കാര്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്ന കോയമ്പത്തൂരിലെ ചില തിയേറ്ററുകള്‍ക്കെതിരെ എ ഐ എ ഡി എം കെ ആക്രമണം. ഭരണകക്ഷിയെ സിനിമ വിമര്‍ശിക്കുന്നതും ഒരു കഥാപാത്രത്തിന് പാര്‍ട്ടിയുടെ മുന്‍ മേധാവി ജയലളിതയുടെ യഥാര്‍ഥ പേരായ കോമളവല്ലി എന്ന് നാമകരണം ചെയ്തതുമാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

മുഖ്യ നടന്‍, സംവിധായകന്‍, നിര്‍മാതാവ്, മറ്റ് അഭിനേതാക്കള്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിനിമ റിലീസായി രണ്ടു ദിവസം പിന്നിട്ടയുടന്‍ സംസ്ഥാന മന്ത്രിമാരായ അമ്പഴകന്‍, സി വി ഷണ്മുഖം, ഡി ജയകുമാര്‍, കടമ്പൂര്‍ രാജു എന്നിവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിയേറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന മധുരയിലെയും കോയമ്പത്തൂരിലെയും തിയേറ്ററുകള്‍ക്കു മുമ്പില്‍ ഒട്ടിച്ചിരുന്ന സിനിമയുടെ പോസ്റ്ററുകളും ബാനറുകളും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിച്ചു കീറുകയും ചെയ്തു.

അതിനിടെ എ ഐ ഡി എം കെയുടെ മുന്‍ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവരാജന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.