രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തില്‍ വരും: യു ടി ഖാദര്‍

Posted on: November 8, 2018 4:54 pm | Last updated: November 8, 2018 at 4:54 pm

ദുബൈ: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തില്‍ വരുമെന്ന് കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. ദുബൈയില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ഉപ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ ചൂണ്ടുപലകയാണ്. ബി ജെ പിയുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ രണ്ടര ലക്ഷം വോട്ടിനാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബി ജെ പി സാധാരണ ഒന്നര ലക്ഷം വോട്ടിനു വിജയിക്കുന്ന ശിവമൊഗ്ഗയില്‍ ഭൂരിപക്ഷം 52000 ആയി കുറഞ്ഞു. മാണ്ഡ്യയില്‍ ദള്‍ സ്ഥാനാര്‍ഥി മൂന്നു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി. ബി ജെ പി വിരുദ്ധ വികാരം ഇന്ത്യയില്‍ അലയടിക്കുകയാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ് ബി ജെ പി. മുന്നണികളുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് ജയമെന്ന് ബി ജെ പി ആരോപിക്കുമ്പോള്‍ ബി ജെ പി കഴിഞ്ഞ കാലം മറക്കുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ബി ജെ പി മറ്റു രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെയാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യം ശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. ശൈഖ ഫാത്വിമ ബിന്‍ത് മുബാറക് രാജ്യാന്തര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മകള്‍ ഹവ്വയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും വിജയപ്രതീക്ഷയിലാണെന്നും ഹവ്വ പറഞ്ഞു. മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പഠിക്കുന്ന ഹവ്വയെ പരിശീലിപ്പിക്കുന്ന സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, മഅദിന്‍ ഐ ആര്‍ ഒ സയീദ് അനുഗമിച്ചു.