Connect with us

Kerala

ബന്ധു നിമനവിവാദം: എസ് ബി ഐയില്‍ മാനേജര്‍ അല്ല, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് മോഹനന്‍

Published

|

Last Updated

തിരുവനന്തപുരം: ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ ഈ തസ്തികയില്‍ അപേക്ഷകനായിരുന്ന പി മോഹനന്‍ രംഗത്ത്. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ)യില്‍ ജനറല്‍ മാനേജരോ റീജ്യണല്‍ മാനേജരോ ആയി പ്രവര്‍ത്തിച്ചിട്ടില്ല. എസ് ബി ഐ ലൈഫില്‍ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ആയി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഈ ജോലി രാജിവെച്ച ശേഷം തൊഴില്‍രഹിതനായി നില്‍ക്കുമ്പോഴാണ് ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്.

ഒരു ജോലിയും ഇല്ലാത്തതിനാല്‍ ഡെപ്യൂട്ടേഷന്‍ അര്‍ഹതയില്ലാത്തത് കൊണ്ടായിരിക്കും എനിക്ക് നിയമനവും ലഭിച്ചില്ല. വസ്തുത ഇതാണെന്നിരിക്കെ തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എസ് ബി ഐ മാനേജര്‍ പദവിയിലുള്ള മോഹനന്‍ ഉള്‍പ്പെടെ യോഗ്യതയുള്ളവരെ തഴഞ്ഞാണ് ബന്ധുവിനെ നിയമിച്ചതെന്ന ആരോപണമാണ് മന്ത്രി കെ ടി ജലീലിനെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍, ഈ വാദം ശരിയല്ലെന്നാണ് മോഹനന്‍ നല്‍കുന്ന വിശദീകരണം.