Connect with us

National

തമിഴ്‌നാട് ഉപ തിരഞ്ഞെടുപ്പ്: 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കമല്‍ ഹാസന്‍

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 20 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് മക്കള്‍ നീതി മയ്യം (എം എന്‍ എം) അധ്യക്ഷനും സിനിമാ നടനുമായ കമല്‍ ഹാസന്‍. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തകരെ നിയോഗിച്ചു കഴിഞ്ഞു. 64ാം ജന്മദിനാഘോഷ വേളയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഗ്രൂപ്പിന്റെയോ ഭാഗമല്ല, ജനങ്ങളുടെ പ്രതിനിധിയാണ് താനെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. അഴിമതി നിര്‍മാര്‍ജനം ചെയ്താല്‍ സര്‍ക്കാറിന്റെ ഓരോ വകുപ്പുകളും സ്വീകരിക്കുന്ന നടപടികള്‍ ജനോപകാര പ്രദമാകും. എന്നാല്‍, ശ്രീലങ്കയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒട്ടനവധി പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്തു തന്നെ പരിഹാരം കാണാതെ കിടക്കുമ്പോള്‍ മറ്റൊരു രാജ്യത്തിന്റെ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ലെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി.

എ ഐ ഡി എം കെയുടെ 18 എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കാനുള്ള സ്പീക്കറുടെ തീരുമാനം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എം കരുണാനിധിയുടെയും എ കെ ബോസിന്റെയും മരണത്തോടെ ഒഴിവു വന്ന തിരുവാരൂര്‍, തിരുപാരന്‍കുന്ത്രം എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു രണ്ടു സീറ്റുകള്‍.

Latest