അയോധ്യയിലെ നിര്‍ദിഷ്ട ശ്രീരാമ പ്രതിമ: കൂടുതല്‍ വിശദാംശങ്ങളുമായി ആദിത്യനാഥ്

Posted on: November 7, 2018 4:12 pm | Last updated: November 8, 2018 at 10:10 am


ലക്‌നൗ: പുതുതായി നിര്‍മിക്കുന്ന ശ്രീരാമ പ്രതിമ അയോധ്യയുടെ സ്വത്വവും മാര്‍ഗസ്തംഭവുമായി മാറുമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മേഖലയിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അവസരത്തിലാണ് അദ്ദേഹം ഇങ്ങിനെ പ്രസ്താവിച്ചത്. ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്നു മാറ്റിയ വിവാദ പ്രഖ്യാപനത്തിനു ശേഷമാണ് ആദിത്യനാഥിന്റെ പുതിയ പ്രസ്താവന.

ഒരു ക്ഷേത്രത്തിനകത്തായിരിക്കും പ്രതിമ സ്ഥാപിക്കുകയെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമക്ക് സമാനമായ വന്‍ പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
തര്‍ക്ക പ്രദേശമായ രാമജന്മഭൂമിയില്‍ നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്നും ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് അതവിടെ തന്നെ ഇനിയുമുണ്ടാകുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.