Connect with us

Kerala

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം: എസ് വൈ എസിന്റെ സേവനങ്ങള്‍ വിലമതിക്കാനാകാത്തത്: മന്ത്രി സുനില്‍കുമാര്‍

Published

|

Last Updated

കൊടുങ്ങല്ലൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എസ് വൈ എസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. പ്രളയദുരന്തങ്ങളില്‍പെട്ട ആയിരം ഭവനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് സാന്ത്വനം തൃശൂര്‍ ജില്ലയില്‍ നല്‍കിയ 25 ലക്ഷം രൂപയുടെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ രംഗത്ത് ആദ്യമായി ഓടിയെത്തിയവരില്‍ സാന്ത്വന പ്രവര്‍ത്തകരായിരുന്നു മുന്നില്‍. സംസ്ഥാന സര്‍ക്കാറിന്റെ നവകേരള സൃഷ്ടിക്ക് സുന്നി സംഘടനകള്‍ നല്‍കുന്ന പിന്തുണയും എടുത്തുപറയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുമ്പോള്‍ കേന്ദ്രം കേരളത്തെ അവഗണനയോടെയാണ് കാണുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പൂര്‍ണമായും തകര്‍ന്ന വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ മാത്രമാണ് കേന്ദ്രസഹായം. ബാക്കി മൂന്ന് ലക്ഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ഇതിനുള്ള തുക കണ്ടെത്താന്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്താന്‍ അനുമതി തേടിയപ്പോള്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കേന്ദ്രത്തിന് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട് . ഇവ ലഭ്യമായില്ലെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു .

സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ മാടവന ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. എം എല്‍ എമാരായ അഡ്വ. വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍ മുഖ്യാതിഥികളായിരുന്നു. മുന്‍ എം പി കെ പി ധനപാലന്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി, ജാമിഅ മഹ്മൂദിയ്യ പ്രിന്‍സിപ്പല്‍ കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ടി വി മുഹമ്മദ് ഫൈസല്‍, ഡോ നസറുല്ല, അഡ്വ. വി എം മുഹിയുദ്ദീന്‍, ചേരമാന്‍ ജുമുഅ മസ്ജിദ് ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിമി, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം എം ഇബ്‌റാഹിം, സോണ്‍ പ്രസിഡന്റ് മാഹിന്‍ സുഹ്‌രി സംസാരിച്ചു. അശ്‌റഫ് ഒളരി സ്വാഗതവും സാന്ത്വനം ജില്ലാ കണ്‍വീനര്‍ ഷമീര്‍ എറിയാട് നന്ദിയും പറഞ്ഞു.

Latest