Connect with us

Articles

മെയ്ഡ് ഇന്‍ ചൈന

Published

|

Last Updated

അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുകയും രാഷ്ട്രീയമായി ശത്രുത നിലനില്‍ക്കുകയും ചെയ്യുന്നതിനിടെ തന്നെ വാണിജ്യ വിപണിയിലെ ചൈനീസ് അധിനിവേശം പ്രതിരോധിക്കാനാകാതെ മിഴിച്ചു നില്‍ക്കുകയാണ് ഇന്ത്യ. രാജ്യത്തെ കളിക്കോപ്പ് മുതല്‍ ഔഷധി വിപണി വരെ ഏറെക്കുറെ ചൈനീസ് അധിനിവേശം പൂര്‍ണമായിരിക്കുന്നു. ഇതില്‍ ഇലക്‌ട്രോണിക്‌സ്, സ്മാര്‍ട് ഫോണ്‍, ഔഷധ വിപണികളിലാണ് കടന്നുകയറ്റം ഏറ്റവും കൂടുതല്‍ പ്രകടം. “മെയ്ഡ് ഇന്‍ ചൈന” എന്നാല്‍ ഗുണനിലവാരക്കുറവുള്ള ഉത്പന്നങ്ങളാണെന്ന ചീത്തപ്പേര് നില്‍ക്കുമ്പോള്‍ തന്നെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയെ വിഴുങ്ങിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയും ചൈനയും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2000ല്‍ 290 കോടി ഡോളറായിരുന്നത് 2015 എത്തിയപ്പോഴേക്കും 7160 കോടി ഡോളറായി വളര്‍ന്നിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ഉത്പന്നങ്ങളാണ്. പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 25 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി അഞ്ചിരട്ടിയായാണ് വര്‍ധിച്ചത്. കോടി ബില്യന്‍ ഡോളറിന്റെ യന്ത്രോപകരണങ്ങളും 9.4 ബില്യന്‍ ഡോളറിന്റെ വളവും 120 കോടി ഡോളറിന്റെ സ്റ്റീല്‍ ഉത്പന്നങ്ങളുമാണ് ഇക്കാലയളവില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 40 ശതമാനവും ചൈനീസ് നിര്‍മിതമാണെന്നാണ് കണക്ക്. ഇതിന് പുറമെ ഇന്ത്യയില്‍ വിവിധ രംഗങ്ങളില്‍ ചൈന മുതല്‍ മുടക്കി തുടങ്ങിയിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് നിര്‍മാണരംഗം, ഓണ്‍ലൈന്‍ വ്യാപാരം, റിയല്‍ എസ്റ്റേറ്റ് രംഗം, റോഡ് നിര്‍മാണം തുടങ്ങിയവയില്‍ മുതല്‍മുടക്കാനാണ് ചൈന പ്രധാനമായും ലക്ഷ്യമിടുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷം ഏഴ് മാസത്തിനിടെ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്ന് ചൈന വാരിയത് 50,000 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി നേട്ടമാണ് ചൈനീസ് കമ്പനികള്‍ കൊയ്തത്. ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ, മോട്ടറോള, വണ്‍പ്ലസ്, ഇന്‍ഫിനിക്‌സ് തുടങ്ങിയ ഫോണുകള്‍ വാങ്ങുന്നതിനാണ് ഇത്രയും തുക ഇന്ത്യക്കാര്‍ ചെലവിട്ടത്. രാജ്യത്തെ മൊത്തം സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ പകുതിയോളം വരും ചൈനീസ് വിഹിതം. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ കൈയിലൊതുക്കിയ വരുമാനം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അമ്പരിപ്പിക്കുന്നതാണ്. ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ, മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്‌സ് എന്നീ കമ്പനികള്‍ 51,722.1 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്ന് ചൈനയിലെത്തിച്ചത്.

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്ന് പ്രധാനപ്പെട്ട നാല് ചൈനീസ് കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 26,262.4 കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷം ഏഴ് മാസം പിന്നിട്ടപ്പോള്‍ തന്നെ 51,722.1 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്. പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യയുടെ 2018ലെ മൊത്തം വരുമാനം 22,947.3 കോടി രൂപയാണ്. ഒപ്പോ (11,994.3 കോടി), വിവോ (11,179.3 കോടി രൂപ) എന്നിങ്ങനെയാണ് മറ്റു ചൈനീസ് കമ്പനികളുടെ വരുമാനം. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം സാംസംഗിന്റെ വില്‍പ്പന 34,261 കോടി രൂപയുടേതായിരുന്നു. ആപ്പിള്‍ 13,097 കോടി രൂപയും ഇന്ത്യന്‍ വിപണിയില്‍ നിന്ന് കണ്ടെത്തി. ഇതോടൊപ്പം ഇന്ത്യന്‍ വിപണികളിലെ സാധ്യത മുന്നില്‍ കണ്ട് ഷവോമി ഇന്ത്യ രാജ്യത്ത് ഏപ്രിലില്‍ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പോയാണെങ്കില്‍ യു പിയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവോയുടെ പ്ലാന്റില്‍ 5000 പേര്‍ക്ക് ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം. സൗത്ത് കൊറിയ, ജപ്പാന്‍, ഇന്ത്യന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഫോണുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഹൈ എന്‍ഡ് ഫോണുകള്‍ ലഭ്യമാക്കുന്നുവെന്നതാണ് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇത്രമേല്‍ ആകര്‍ഷണത്തിന് വഴിയൊരുക്കുന്നത്. ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രചാരം. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ ഷവോമിയുടേതാണ്. ഷവോമി തന്നെയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് കൂടുതല്‍ നേട്ടം കൊയ്തത്.
ചൈനീസ് അധിനിവേശം കൂടുതല്‍ പ്രകടമായ മറ്റൊരു മേഖല ഔഷധ വിപണിയാണ്. രാജ്യത്ത് ഔഷധ വില നിയന്ത്രണ നിയമം നടപ്പിലായതോടെയാണ് മരുന്ന് വിപണിയില്‍ ചൈനീസ് അധിനിവേശം വര്‍ധിച്ചത്. ചൈനയില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ കമ്പനികള്‍ വന്‍തോതില്‍ വാങ്ങിയാണ് മരുന്ന് നിര്‍മാണം. മൂന്നാംകിട അസംസ്‌കൃത വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ ഗുളികകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇതോടൊപ്പം ചൈനീസ് വ്യാജ മരുന്നുകളും ഇന്ത്യന്‍ ഔഷധ വിപണിക്ക് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഗുളിക നിര്‍മിക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ ഇരട്ടി നിലവാരം കുറഞ്ഞ ചൈനീസ് അസംസ്‌കൃത വസ്തുക്കളില്‍ നിന്ന് മരുന്ന് നിര്‍മിക്കുമ്പോള്‍ ലഭിക്കുന്നുവെന്നതാണ് ഔഷധ നിര്‍മാണ കമ്പനികളെ ചൈനീസ് അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. വയാഗ്ര മുതല്‍ പാരസെറ്റമോള്‍ വരെയുള്ള മരുന്നുകളില്‍ ഇത്തരം ചൈനീസ് അധിനിവേശം വന്‍തോതില്‍ പ്രകടമാണ്. ഡോക്ടര്‍മാരെയും മെഡിക്കല്‍ ഷോപ്പുകാരെയും വാഗ്ദാനങ്ങള്‍ നല്‍കി ഇത്തരം മരുന്നുകളുടെ പ്രചാരകരാക്കുകയാണ് ഇത്തരം കമ്പനികള്‍ ചെയ്യുന്നത്.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മരുന്നുകളില്‍ 10 ശതമാനവും വിറ്റഴിയുന്നത് കേരളത്തിലാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം വരുന്ന കേരളമാണ് ഉത്പാദിപ്പിക്കപ്പെടുന്ന മരുന്നുകളുടെ 10 ശതമാനവും ഉപയോഗിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഒരു വര്‍ഷം ഏകദേശം 2000 കോടി രൂപയുടെ അലോപ്പതി മരുന്ന് കേരളത്തില്‍ വിറ്റഴിയുന്നതായാണ് കണക്കുകള്‍. ഇതില്‍ നല്ലൊരു പങ്കും ചൈനീസ് മരുന്നുകളും ചൈനീസ് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയുമാണ്. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ഇത്തരം മരുന്നുകള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത ചൈനീസ് മരുന്നുകളുടെ വ്യാപകമായ വില്‍പ്പനക്ക് സഹായകമാണ്. രാജ്യത്തെ “മികച്ച ഔഷധി വിപണി”കളില്‍ ഒന്നായ കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ മാത്രമാണ് നിലവില്‍ പരിശോധനക്കായുള്ളത്. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായി 48 പേരും. നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ മരുന്നുകള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയൂ. പരിശോധന പ്രകാരം ഒരു സ്ഥാപനം ഇറക്കുന്ന മരുന്നിന്റെ ഒരു ബാച്ച് നിലവാരമില്ലാത്തതാണെന്ന് കണ്ടാല്‍ അത് പിന്‍വലിക്കുകയും ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയുമാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. എന്നാല്‍, അതേ കമ്പനിയുടെ മറ്റ് മരുന്നുകള്‍ നിര്‍ലോഭം വില്‍ക്കുന്നതിന് നിയമപരമായി മറ്റുതടസ്സങ്ങളൊന്നുമുണ്ടാവില്ല. ഇതിനാല്‍ ഈ പഴുത് ഉപയോഗിച്ച് പല കമ്പനികളും നിരോധിച്ച മരുന്നുകള്‍ അതിന്റെ ചേരുവകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി വീണ്ടും വിപണിയിലെത്തിക്കുന്നുണ്ട്.

അതോടൊപ്പം ഇന്ത്യന്‍ മരുന്നുകള്‍ക്ക് വിപണിയുള്ള സ്ഥലങ്ങളിലെല്ലാം വ്യാജ ചൈനീസ് മരുന്നുകള്‍ ഇന്ത്യന്‍ നിര്‍മിതം എന്ന ലേബലില്‍ ഒഴുകിയെത്തുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് കയറ്റുമതി കൂടുതല്‍. ഘാന, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തരത്തിലുള്ള ചൈനീസ് നിര്‍മിത വ്യാജ മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. നാഷനല്‍ ഏജന്‍സി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് നൈജീരിയ (നാഫ്ഡാക്) ഇതു സംബന്ധിച്ച് നേരത്തെ പഠനം നടത്തിയിരുന്നു. വ്യാജ മരുന്നുകള്‍ പിടികൂടുന്നത് ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് നാഫ്ഡാക് കൂടുതല്‍ അന്വേഷണവുമായി മുന്നിട്ടിറങ്ങിയത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അവര്‍ ഇന്ത്യക്കും കൈമാറിയിരുന്നു. തെളിവ് സഹിതം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെങ്കിലും വ്യാജമരുന്ന് കടത്ത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ലോകാരോഗ്യ സംഘടന തന്നെ ഈ വിഷയത്തില്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, മിക്ക രാജ്യങ്ങളും ഇതിനെതിരെ നടപടി സ്വീകരിച്ചെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ ഇതുവരെ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കേരളത്തിലെ കളിക്കോപ്പ് മുതല്‍ മൊബൈല്‍ വരെയുള്ള മാര്‍ക്കറ്റുകളും ചൈനീസ് ഉത്പന്നങ്ങളുടെ പറുദീസകളാണ്. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ്, എറണാകുളം മാര്‍ക്കറ്റ് എന്നിവ ചൈനയില്‍ നിന്ന് പ്രതിദിനം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കേന്ദ്രങ്ങളാണ്. കേരളത്തിലെ ഒരു മാര്‍ക്കറ്റിലും “മെയ്ഡ് ഇന്‍ ചൈന” എന്ന് രേഖപ്പെടുത്താത്ത ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം ചൈനീസ് കൈയേറ്റം പൂര്‍ണമായിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തെ ആഘോഷങ്ങള്‍ക്ക് നിറംപകരാനും വര്‍ണാഭമാക്കാനും പൂര്‍ണമായും ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ വിഷുവിന് കണിക്കൊന്നയും പടക്കങ്ങളും, ക്രിസ്മസിന് പുല്‍ക്കൂടും നക്ഷത്രവും മുതല്‍ ഉണ്ണിയേശു വരെയും ചൈനയാണ് നിര്‍മിക്കുന്നത്. ഉത്തരേന്ത്യയിലെ ദീപാവലിക്ക് അലങ്കാര വിളക്കുകള്‍ മുതല്‍ ചെരാതുകള്‍ വരെ ചൈനയില്‍ വന്‍ സാധ്യതകള്‍ തുറന്ന വാണിജ്യ വിപണികളാണ്. ഇതിന് പുറമെ ടയര്‍, ഇരുമ്പ് ഉത്പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, സമ്മാനങ്ങള്‍ എന്നുവേണ്ട നിത്യോപയോഗത്തില്‍ പലവട്ടം നമ്മള്‍ ചൈനീസ് നിര്‍മിത വസ്തുക്കള്‍ വാങ്ങി വിപണി നിറക്കുന്നതിന്റെ പ്രതിഫലനവും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും പ്രകടമായി കാണാവുന്നതാണ്. ചൈനീസ് കടന്നുകയറ്റത്തോടെ വിപണിയില്‍ തദ്ദേശീയ ഉത്പന്നങ്ങളുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഏറെക്കുറെ പിന്തള്ളപ്പെട്ട അവസ്ഥയിലാണ്.

കുറഞ്ഞ വിലക്ക് ചൈനീസ് ഉത്പന്നങ്ങള്‍ വിപണി പിടിച്ചതോടെ തദ്ദേശീയ ഉത്പന്നങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയും നിരവധി കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, തൊഴിലാളികളുടെ ശമ്പളവര്‍ധനയും ഉത്പാദനച്ചെലവ് വര്‍ധിച്ചതും ആഗോളവിപണിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും ചൈനീസ് ഉത്പന്നങ്ങളുടെ വിലയിലും പ്രകടമായിട്ടുണ്ട്. ആഗോള തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ്കുറഞ്ഞത് മൂലം പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറച്ച് പ്രവര്‍ത്തനങ്ങള്‍ യന്ത്രവത്കരിച്ചിട്ടുണ്ട്. ഒപ്പം ഉത്പന്നങ്ങളുടെ വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.

അതേസമയം, ഇന്ത്യയുടെ അതിര്‍ത്തിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റവും പാക്കിസ്ഥാനുമായുള്ള ചങ്ങാത്തവും ചൂണ്ടിക്കാട്ടി ചിലര്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും അതൊന്നും ഇന്ത്യന്‍ വാണിജ്യ വിപണിയിലെ ചൈനീസ് മേല്‍ക്കോയ്മക്ക് ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ലെന്നാണ് വിപണിയിലെ ചൈനീസ് ഉത്പന്നങ്ങളുടെ പ്രകടനം കാണിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest