Connect with us

Editorial

വേറിട്ടൊരു വിവാഹ വേദി

Published

|

Last Updated

അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ് കഴിഞ്ഞ ദിവസം ചങ്ങരംകുളം കോക്കൂരില്‍ നടന്ന വിവാഹ ചടങ്ങ്. നിര്‍ധനരായ 11 യുവതികള്‍ക്ക് കൂടി വിവാഹ സൗഭാഗ്യമൊരുക്കിയാണ് സ്ഥലത്തെ സുന്നി, സാമൂഹിക പ്രവര്‍ത്തകനായ അറക്കല്‍ വീട്ടില്‍ അശ്‌റഫ് ഹാജി തന്റെ മകളുടെ വിവാഹം നടത്തിയത്. വധൂവരന്മാര്‍ക്ക് പത്ത് പവന്‍ വീതം സ്വര്‍ണവും 25,000 രൂപയും വിവാഹ വസ്ത്രങ്ങളും അദ്ദേഹം നല്‍കി. വിവിധ മതസാമൂഹിക സംഘടനകളും ചാരിറ്റബിള്‍ സൊസൈറ്റികളും പ്രവാസികളില്‍ നിന്നും സമൂഹത്തിലെ ഉദാരമതികളില്‍ നിന്നും പിരിവെടുത്ത് നിര്‍ധന കുടുംബത്തിലെ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുകയും സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരു വ്യക്തി എല്ലാ ചെലവുകളും സ്വയം ഏറ്റെടുത്താണ് ഇവിടെ 11 പെണ്‍കുട്ടികളെ ഒന്നിച്ച് വിവാഹം കഴിച്ചു കൊടുത്തത്. വിവാഹം അത്യാര്‍ഭാടകരമാക്കുന്നതിന് ദശലക്ഷങ്ങളും കോടികളും പൊടിപൊടിക്കുന്ന ഇക്കാലത്ത് ഒരു പിതാവ് മകളുടെ വിവാഹ വേദി സമൂഹ നന്മക്കായി വിനിയോഗിച്ചത് വേറിട്ടൊരു അനുഭവമാണ്. സമൂഹത്തിലെ സമ്പന്നര്‍ക്ക് ഇതൊരു മാതൃകയാണ്.

ധൂര്‍ത്തിന്റെ പര്യായങ്ങളാണ് സമൂഹത്തില്‍ നടക്കുന്ന മിക്ക വിവാഹങ്ങളും. തന്റെ പ്രൗഢിയും സാമ്പത്തികോന്നതിയും സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് പലരും മക്കളുടെ വിവാഹ ചടങ്ങിനെ ഉപയോഗപ്പെടുത്തുന്നത്. പതിനായിരങ്ങളിലോ ലക്ഷങ്ങളിലോ ഒതുക്കാന്‍ കഴിയുന്ന ചടങ്ങുകള്‍ക്ക് ദശലക്ഷങ്ങളും കോടികളും വാരിയെറിയുന്നു. ക്ഷണക്കത്തില്‍ തുടങ്ങുന്നു വിവാഹ ധൂര്‍ത്ത്. രണ്ടോ മൂന്നോ പരമാവധി അഞ്ചോ രൂപയില്‍ ഒതുക്കാവുന്ന ഒരു ക്ഷണക്കത്തിന്റെ സ്ഥാനത്ത് നൂറ് രൂപയോ അതിനു മുകളിലോ വില വരുന്ന ക്ഷണക്കത്തുകളാണ് തയ്യാറാക്കുന്നത്. അത്യാഡംബര വേദികള്‍, ഭക്ഷണവിഭവങ്ങളിലെ വൈവിധ്യങ്ങള്‍, പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സ്റ്റേജ് പ്രോഗ്രാമുകള്‍, വൈദ്യുത അലങ്കാരങ്ങള്‍, അത്യാഡംബര വാഹനങ്ങള്‍, പലതരം സത്കാരങ്ങള്‍, സമ്മാനങ്ങള്‍, വീഡിയോക്കാരുടെ നീണ്ട നിര തുടങ്ങി കല്യാണത്തിന്റെ സാമ്പത്തിക ബാധ്യത കുത്തനെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. നാലോ അഞ്ചോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നു ചില വിവാഹാഘോഷങ്ങള്‍. കല്യാണദിവസം പെണ്ണ് സ്വര്‍ണത്തില്‍ കുളിച്ചു നില്‍ക്കണമെന്നത് അലിഖിത നിയമമാണ്. വീട്ടുകാര്‍ തമ്മിലുള്ള പൊങ്ങച്ചം കാണിക്കാനുള്ള അവസരമാണ് പല കല്യാണ ചടങ്ങുകളും.
സമൂഹത്തെ വിശിഷ്യാ മുസ്‌ലിം സമുദായത്തെ ഗ്രസിച്ച സ്വര്‍ണഭ്രമം എല്ലാ സീമകളും ലംഘിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് സ്വര്‍ണവ്യാപാരം കൂടുതല്‍ നടക്കുന്നത്. കേരളത്തില്‍ തന്നെ വടക്കന്‍ ജില്ലകളിലും. ഇതിന്റെ കാരണമന്വേഷിച്ചിറങ്ങുമ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ സ്വര്‍ണഭ്രമത്തിലാണ് എത്തിച്ചേരുന്നത്. സമ്പന്നന്റെ മകള്‍ അണിയുന്ന ആഭരണങ്ങളുടെ എണ്ണപ്പെരുപ്പം കാണുമ്പോള്‍ സാധാരണക്കാരും ഇതനുകരിക്കാന്‍ ശ്രമിക്കുന്നു. പിരിവെടുത്തും കടംവാങ്ങിയും പരമാവധി സ്വര്‍ണാഭരണങ്ങള്‍ സംഘടിപ്പിച്ചാണ് അവരും മക്കളെ കെട്ടിച്ചയക്കുന്നത്. മൂന്ന് വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് 80 ടണ്‍ സ്വര്‍ണമാണ് ശരാശരി ഒരു വര്‍ഷം കേരളത്തിലെ വിവാഹ കമ്പോളത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. കടക്കെണിയില്‍ അകപ്പെട്ട് ദുസ്സഹമാവുകയാണ് അത്തരക്കാരുടെ ജീവിതം പിന്നീട്. മക്കളുടെ വിവാഹത്തിനായി കിടപ്പാടം വിറ്റ് വാടകവീടുകളില്‍ അന്തിയുറങ്ങുന്നവര്‍ അനവധിയാണ്.
വിവാഹത്തിന് ലക്ഷങ്ങളും കോടികളും ധൂര്‍ത്തടിക്കുന്ന വാര്‍ത്തകള്‍ക്കിടെ ഇത്തരം വേദികള്‍ സമൂഹ നന്മക്കും കാരുണ്യ പ്രവര്‍ത്തനത്തിനുമുള്ള അവസരമായി ഉപയോഗപ്പെടുത്തുന്ന സുമനസ്സുകളുടെ വാര്‍ത്തകളും ഇടക്കിടെ പുറത്തുവരാറുണ്ട്. സ്വന്തം വീടിന് സമീപമുള്ള പ്രദേശത്തെ രണ്ട് ഏക്കര്‍ പ്രദേശത്ത് ഒന്നര കോടി രൂപ ചെലവില്‍ പാവപ്പെട്ടവര്‍ക്കായി 90 വീടുകള്‍ നിര്‍മിച്ചു നല്‍കിക്കൊണ്ടായിരുന്നു ഔറംഗാബാദിലെ ലാസര്‍ ടൗണില്‍ വസ്ത്ര വ്യാപാരിയായ അജയ് തന്റെ ഏക മകളായ ശ്രേയയുടെ വിവാഹം നടത്തിയത്.

മഹാരാഷ്ട്രയിലെ വാര്‍ക്കേഡ് ഗ്രാമത്തില്‍ നിന്നുള്ള ജയന്ത് ബോലെയുടെ മകന്‍ തന്മയുടെ വിവാഹം നടന്നത് അവരുടെ ഗ്രാമത്തിലെ ശുദ്ധ ജലപ്രശ്‌നം പരിഹരിച്ചു കൊണ്ടായിരുന്നു. വാര്‍ക്കേഡ് ഗ്രാമത്തെ അലട്ടിയിരുന്നത് കുടിവെള്ള പ്രശ്‌നമായിരുന്നു. മണ്ണ് കലര്‍ന്ന വെള്ളമായിരുന്നു ആ ഗ്രാമവാസികള്‍ ഉപയോഗിച്ചിരുന്നത്. തന്മയുടെ കുടുംബം വിവാഹത്തിനായി കരുതി വെച്ച പണം ജലശുചീകരണ പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു.
കര്‍ണാടകയിലെ മുന്‍മന്ത്രിയായ ഖനിമുതലാളി മകളുടെ വിവാഹത്തിന് 500 കോടി ചെലവിട്ട വാര്‍ത്ത മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. കുടുംബത്തിലെ ദാരിദ്ര്യം മൂലം സമീപത്തെ വീടുകളിലെ യുവതികള്‍ വിവാഹിതരാകാന്‍ കഴിയാതെ നെടുവീര്‍പ്പുമായി കഴിയുമ്പോഴാണ് സമ്പന്നര്‍ വിവാഹങ്ങള്‍ അത്യാഡംബരമാക്കാന്‍ പണം വാരിയെറിയുന്നത്. ലോകത്തെമ്പാടും ആയിരങ്ങളാണ് ദിനംപ്രതി പട്ടിണി മൂലം മരിക്കുന്നത്. രണ്ടക്കത്തില്‍ ഒതുങ്ങുന്നതാണ് ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി പ്രതിദിന വരുമാനം. സമ്പന്നര്‍ മനസ്സു വെച്ചാല്‍ ഇവരില്‍ നല്ലൊരു ശതമാനത്തെ കരകയറ്റാനാകും. മകളുടെ വിവാഹത്തോടൊപ്പം പാവപ്പെട്ട ഒരു സ്ത്രീയെങ്കിലും മംഗല്യ സൗഭാഗ്യമണിയട്ടെയെന്ന് സമ്പന്നര്‍ തീരുമാനമെടുത്താല്‍ എത്ര യുവതികളെ രക്ഷപ്പെടുത്താനാകും.