ശബരിമല: വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

Posted on: November 5, 2018 9:45 pm | Last updated: November 6, 2018 at 10:42 am

ആലപ്പുഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വ്യാജചിത്രം പ്രചരിപ്പിച്ച യുവാവിനെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ് ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സംഭവം വിവാദമായതോടെ ഫേസ്ബുക്കില്‍നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. ശബരിമലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ ചിത്രമെടുത്തു പോസ്റ്റ് ചെയ്തതാണെന്നും വിവാദമായപ്പോള്‍ പിന്‍വലിച്ചെന്നും രാജേഷ് പോലീസിനോടു പറഞ്ഞു. രാജേഷിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഇത് പിന്നീട് പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറി. കേരള പോലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തത്.