നമ്മള്‍ മുന്നോട്ട് വെച്ച അജന്‍ഡയില്‍ എല്ലാവരും വീണു; നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ച ശേഷം; ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍

Posted on: November 5, 2018 12:35 pm | Last updated: November 5, 2018 at 5:14 pm

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട്ട് ചേര്‍ന്ന യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത്.

ശബരിമല നട അടച്ചിടുമെന്ന് പറയുന്നതിന് മുമ്പ് തന്ത്രി തന്നോട് സംസാരിച്ചിരുന്നു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമാണ് ശബരിമല വിഷയമെന്നും ശ്രീധരന്‍ പിള്ള പറയുന്നുണ്ട്. നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു തന്ത്രിയുടെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും ഞാന്‍ മറുപടി നല്‍കി.
ഇതോടെയാണ് സര്‍ക്കാറിനെയും പോലീസിനെയും അങ്കലാപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ സംഭവിച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള പറയുന്നു.