കര്‍ണാടകയില്‍ ഇത്തവണയും ടിപ്പുജയന്തി ആഘോഷത്തിന് സര്‍ക്കാര്‍ തീരുമാനം

Posted on: November 5, 2018 9:26 am | Last updated: November 5, 2018 at 10:53 am

ബെംഗളൂരു: കര്‍ണാടകയില്‍ ഇത്തവണയും പതിവ് പോലെ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ സാംസ്‌കാരിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. നവംബര്‍ 10നാണ് ടിപ്പുജയന്തി. സാംസ്‌കാരിക മന്ത്രി ജയമാലയും യോഗത്തില്‍ പങ്കെടുത്തു. ജയന്തി ആഘോഷിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയും ഇന്നലെ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ തവണയുണ്ടായത് പോലുള്ള പ്രതിഷേധം ഈ വര്‍ഷവും ഉണ്ടായേക്കുമെന്നാണ് സൂചന. ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം കനപ്പിക്കാനാണ് ഇത്തവണയും ബി ജെ പി- സംഘ്പരിവാര്‍ സംഘടനകളുടെ നീക്കം. സംഘടനകളുടെ എതിര്‍പ്പുകള്‍ അതിജീവിച്ചാണ് മുന്‍വര്‍ഷങ്ങളില്‍ ടിപ്പുജയന്തി ആഘോഷിച്ചത്. ഇക്കുറി ആഘോഷ വേളയില്‍ സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങള്‍ ഉടലെടുത്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബി ജെ പി നേതൃത്വത്തിനായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടകില്‍ നിന്നുള്ള ബി ജെ പിയുടെ എം പി പ്രതാപ് സിംഹ രണ്ടാഴ്ച മുമ്പെ ടിപ്പുജയന്തി ആഘോഷത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ആഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മതവികാരം വ്രണപ്പെടുത്താന്‍ മാത്രമേ ഇത്തരം ആഘോഷ പരിപാടികള്‍ ഉപകരിക്കുകയുള്ളൂവെന്നും സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന ഇതുപോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്നുമാണ് ബി ജെ പിയുടെ നിലപാട്. കഴിഞ്ഞവര്‍ഷങ്ങളിലും ബി ജെ പി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. ബി ജെ പി നേതാക്കള്‍ ടിപ്പു അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിച്ചത്. ടിപ്പുസുല്‍ത്താന്‍ ധരിച്ചിരുന്ന മാതൃകയിലുള്ള തലപ്പാവണിഞ്ഞ് നേതാക്കള്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ചിത്രമാണ് പുറത്തുവിട്ടത്. അഞ്ച് വര്‍ഷം മുമ്പ് ബി ജെ പി ടിപ്പു ജയന്തി ആഘോഷിച്ച പടമായിരുന്നു ഇത്.

ആദ്യമായി ഔദ്യോഗികമായി ജയന്തി ആഘോഷിച്ച 2015ല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. നാല് പേരാണ് കൊല്ലപ്പെട്ടത്. ന്യൂനപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടക്കമില്ലാതെ അന്നത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പുസുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ടിപ്പു വര്‍ഗീയവാദിയായ ഭരണാധികാരിയായിരുന്നുവെന്നാണ് ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്നത്.
കുടകിലെ കൊടവ സമുദായം ടിപ്പുജയന്തി ആഘോഷത്തിനെതിരാണ്. ഇവിടത്തെ പടയോട്ടത്തിനിടെ ടിപ്പു ഒട്ടേറെ കൊടവ സമുദായക്കാരെ കൊന്നൊടുക്കിയെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കുടക്, മടിക്കേരി, മൈസൂരു എന്നിവിടങ്ങളില്‍ ആഘോഷത്തിനെതിരെ പ്രതിഷേധം ഉടലെടുക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.