ബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു പോരാട്ടം ഇന്ന്; ബെംഗളൂരുവിനെ ഭയമില്ലെന്ന് സികെ വിനീത്‌

Posted on: November 5, 2018 9:17 am | Last updated: November 5, 2018 at 10:01 am

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിക്കെതിരെ കളത്തിലിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകുന്നേരം 7.30നാണ് മത്സരം.
തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ സമനില നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. സീസണില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച ബ്ലാസ്റ്റേഴസ് പിന്നീട് ജയിച്ചിട്ടില്ല.

അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയിന്റുകളോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച ടീമിനെ കളത്തിലിറക്കി വിജയം നേടാനാണ് ടീമിന്റെ ലക്ഷ്യം. മലയാളി താരം അനസ് എടത്തൊടികയെ കളിപ്പിക്കുന്ന കാര്യത്തിലും അവ്യക്തതയുണ്ട്. സൂപ്പര്‍ ലീഗിലെ ഏറ്റവും ശക്തരായ ടീമികളിലൊന്നാണ് ബെംഗളൂരുവെന്നും ഇന്ന് ജയമുറപ്പിച്ച് മൂന്ന് പോയിന്റ് നേടാനാണ് ശ്രമിക്കുകയെന്നും അസി. കോച്ച് ഹെര്‍മെന്‍ ഹെയ്ഡാര്‍സെന്‍ പറഞ്ഞു. നിലവില്‍ ടീമില്‍ പരുക്കുകളുടെ പ്രശ്‌നമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങള്‍ സമനിലയിലായത് നിരാശ സമ്മാനിച്ചതായും എന്നാലും പ്രതീക്ഷ കൈവിടുന്നില്ലെന്നും മലയാളി താരം സി കെ വിനീത് പറഞ്ഞു.

ജയമുറപ്പിച്ച മത്സരങ്ങളാണ് സമനിലയിലായത്. ബെംഗളൂരുവിനെതിരെ വിജയം മാത്രമാണ് ലക്ഷ്യം. അവരെ ഭയപ്പെടുന്നില്ല.
മികച്ച രീതിയില്‍ കളിച്ചിട്ടും റഫറിയിങിലെ പിഴവുകളിലൂടെ ജയം നിഷേധിക്കപ്പെടുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റുകളോടെ നാലാം സ്ഥാനത്തുള്ള ബെംഗളൂരു ഇന്ന് ജയിച്ചാല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും.
തുടര്‍ച്ചയായ മൂന്നാം ജയമാണ് ബെംഗളൂരിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും രണ്ട് തവണ മത്സരിച്ചപ്പോഴും ബെംഗളൂരുവിനായിരുന്നു ജയം.

ബ്ലാസ്റ്റേഴ്‌സ് മികച്ച എതിരാളികളാണെന്നും സ്വന്തം മൈതാനത്ത് കളിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്നും ബെംഗളൂരു കോച്ച് കാള്‍സ് കൗഡ്രറ്റ് പറഞ്ഞു.
നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ കുറച്ച് കളികള്‍ സമനിലയില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.