ക്രിസ്ത്യന്‍ തീര്‍ഥാടകരെ ആക്രമിച്ച 19 ഭീകരരെ ഈജിപ്ത് സൈന്യം വെടിവെച്ചു കൊന്നു

Posted on: November 4, 2018 10:08 pm | Last updated: November 4, 2018 at 10:08 pm

കൈറോ: കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന 19 പേരെ ഈജിപ്ത് സുരക്ഷാ സൈന്യം വെടിവെച്ചു കൊന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മധ്യ ഈജിപ്തിലെ മിന്‍യ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചതെന്ന് കരുതപ്പെടുന്നു. ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഭീകരര്‍ ആദ്യം സുരക്ഷാ സൈന്യത്തിന് നേരെയാണ് വെടിവെച്ചതെന്നും ഇതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. മിന്‍യ പ്രവിശ്യയില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ തീര്‍ഥാടകരായ ഏഴ് പേരെ വധിച്ച സംഘവുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഏഴ് ക്രിസ്ത്യന്‍ തീര്‍ഥാടകരെ വധിച്ചതിന്റെ ഉത്തരവാദിത്വം ഇസില്‍ ഭീകരവാദികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ തങ്ങളാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഇസില്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മിന്‍യ പ്രവിശ്യയിലെ ഏഴ് കോപ്റ്റിക് ക്രിസ്ത്യന്‍ മതവിശ്വാസികളെ ഭീകരര്‍ വധിച്ചത്. തീവ്രവാദി ആക്രമണത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിരുന്നു. മിന്‍യ പ്രവിശ്യയിലെ പ്രിന്‍സ് ടാഡ്രോസ് ചര്‍ച്ചിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകരുടെ ബസിന് നേരെയായിരുന്നു തീവ്രവാദി ആക്രമണം.