കാര്‍ത്തിക്കും ക്രുനാലും രക്ഷകരായി; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

Posted on: November 4, 2018 9:11 pm | Last updated: November 5, 2018 at 9:27 am

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആറ് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ആറ്) ആണ് ആദ്യം പുറത്തായത്. പിന്നീട് ശിഖര്‍ ധവാന്‍ (മൂന്ന്), റിഷാഭ് പന്ത് (ഒന്ന്) എന്നിവരും പുറത്തായതോടെ ഇന്ത്യ 5.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 35 റണ്‍സെന്ന നിലയിലായി.
പിന്നീട് കെ എല്‍ രാഹുലും (16), മനീഷ് പാണ്ഡെയും (19) പുറത്തായെങ്കിലും ദിനേശ് കാര്‍ത്തിക്കും (31) ക്രുനാല്‍ പാണ്ഡ്യയും (21) ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 109 റണ്‍സ് നേടിയത്. 25 റണ്‍സെടുത്ത ഫാബിയന്‍ അലന്‍ ആണ് വിന്‍ഡീസ് നിരയിലെ ടോസ് സ്‌കോറര്‍.
ഫാബിയന്‍ അലനും (25) കീമോ പോളും (പുറത്താകാതെ 15) വാലറ്റത്ത് നടത്തിയ ചെറുത്തു നില്‍പ്പാണ് വിന്‍ഡീസ് സ്‌കോര്‍ നൂറ് കടത്തിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 24 റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി.