ആസ്ത്മ: അറിയേണ്ടത്

ആരോഗ്യം
Posted on: November 4, 2018 8:00 pm | Last updated: November 4, 2018 at 8:00 pm

ശ്വാസകോശങ്ങളെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന അലര്‍ജി രോഗമാണ് ആസ്ത്മ. പൂമ്പൊടി, പൊടിപടലങ്ങള്‍, ചെള്ള്, ചെറുപ്രാണികള്‍, പൂപ്പല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമം എന്നിവയാണ് സാധാരണ അലര്‍ജി വരുത്തുന്ന ഘടകങ്ങള്‍. ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. ശ്വസനനാളങ്ങള്‍ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് തടസ്സമുണ്ടാകുന്നതാണിത്. ശ്വസനനാളത്തിലുണ്ടാകുന്ന നീര്‍വീക്കം അല്ലെങ്കില്‍ ഒട്ടുന്നകഫം മൂലം പേശികള്‍ മുറുകും. ആസ്ത്മയുണ്ടെന്ന് കേട്ടാല്‍ പരിഭ്രമിക്കേണ്ടതില്ല. കൃത്യമായ ഹോമിയോ ചികിത്സയും ശ്രദ്ധയും കൊണ്ട് പൂര്‍ണമായും സുഖപ്പെടുത്താം. കുട്ടിക്ക് ആസ്ത്മയുണ്ടെങ്കില്‍ അധ്യാപകരോടും സ്‌കൂള്‍ അധികൃതരോടും മറച്ചുവെക്കരുത്.

എല്ലാ ശ്വാസംമുട്ടലും ആസ്ത്മയല്ല. പൂര്‍വസ്ഥിതിയിലാകുന്ന ശ്വാസകോശങ്ങളുടെ ചുരുങ്ങല്‍ മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ മാത്രമെ ആസ്ത്മയായി കണക്കാക്കൂ. ആസ്ത്മയുള്ളവര്‍ക്കും സാധാരണ ജീവിതം നയിക്കാം. സിനിമാ- കായിക താരങ്ങളിലും മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകരിലുമെല്ലാം ആസ്ത്മ രോഗികളുണ്ട്. ശരീരത്തെ പരിലാളിക്കുന്ന സ്വാഭാവിക അഡ്രിനാലിന്‍, കോര്‍ട്ടികോ സ്റ്റിറോയ്ഡ് എന്നിവയുടെ അളവ് രാത്രിസമയത്ത് കുറയുന്നതും തലയിണയിലും കിടക്ക വിരിയിലുമെല്ലാം കാണുന്ന പൊടിയും പ്രാണികളുമെല്ലാമാണ് രാത്രിസമയം രോഗം കൂടാന്‍ കാരണം.

ലക്ഷണങ്ങള്‍
തുടരെയുള്ള ചുമ, കുറുകല്‍ ശബ്ദം, ശ്വാസം പുറത്തുവിടുമ്പോള്‍ ചൂളമടിക്കുന്ന ശബ്ദം, നെഞ്ചില്‍ ഞെരുക്കം, ശ്വാസംകിട്ടാതെ വരല്‍. ശ്വാസംമുട്ടല്‍ മാത്രമല്ല, രാത്രികാലങ്ങളിലും അതിരാവിലെയുമുള്ള ചുമ, ദേഹം അനങ്ങുമ്പോഴും കളികളില്‍ ഏര്‍പ്പെടുമ്പോഴുമുണ്ടാകുന്ന ചുമ, കിതപ്പ് എന്നിവയും ആസ്ത്മയുടെ ലക്ഷണങ്ങളാണ്. കുട്ടികളിലെ 80 ശതമാനം ആസ്ത്മയും ആറ് വയസ്സിന് മുമ്പെ അറിയാന്‍ കഴിയും.

അന്തരീക്ഷ മലിനീകരണം
പട്ടണത്തില്‍ ജീവിക്കുന്നവരെ അപേക്ഷിച്ച് നാട്ടിന്‍പുറത്തുകാരില്‍ ആസ്ത്മയുടെ തോത് കുറവാണ്. വാഹന പുക, വ്യവസായിക വാതകങ്ങള്‍, പാചകവാതക പുക, എ സി, പൂപ്പല്‍ എന്നിവ ആസ്ത്മയുടെ കാഠിന്യം കൂട്ടുന്നു.

വിവിധ തരങ്ങള്‍
. അലര്‍ജി കാരണമായത്- ഇത് പലപ്പോഴും പാരമ്പര്യമാണ്.
. അലര്‍ജി കാരണമല്ലാത്തത്- പ്ലാസ്റ്റിക്, പെയിന്റ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കത്തിക്കുന്നത്.
. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ മാറ്റം
. തീവ്രമായ ഉത്കണ്ഠ

രോഗനിര്‍ണയം
ലാബ് പരിശോധനകളിലൂടെ നിര്‍ണയിക്കുന്ന രോഗമല്ലിത്. ലക്ഷണങ്ങളുടെ കാലപ്പഴക്കം, ഗതിവിഗതികള്‍, പാരമ്പര്യം എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. എക്‌സ് റേ എടുത്താല്‍ മാത്രം രോഗത്തിന്റെ തീവ്രത മനസ്സിലാക്കാനാകില്ല. സ്‌പൈറോമെട്രി പരിശോധനയാണ് സാധാരണ ഉപയോഗിക്കുക.

തെറ്റിദ്ധാരണകള്‍
ആസ്ത്മ സംബന്ധിച്ച് സമൂഹത്തില്‍ തെറ്റായ പല ധാരണകളും അതിനാലുള്ള പരിഭ്രമങ്ങളുമുണ്ട്. താഴെ പറയുന്നതാണ് ശരിയായ വിവരങ്ങള്‍:-
. പാരമ്പര്യ രോഗമാണെങ്കിലും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ബാധിക്കില്ല.
. മറ്റുള്ളവരിലേക്ക് പകരില്ല.
. ആസ്ത്മയുള്ളയാള്‍ക്ക് വ്യായാമം ചെയ്യുന്നതിനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രശ്‌നമില്ല.
. രോഗമുള്ളവര്‍ക്ക് യോജിച്ച വ്യായാമം യോഗയും നീന്തലുമാണ്.
. പുകവലി പൂര്‍ണമായും ഒഴിവാക്കണം. പുകവലിക്കുന്നവരുടെ സമീപത്തും നില്‍ക്കരുത്. കുട്ടികള്‍ക്ക് ആസ്ത്മയുണ്ടെങ്കില്‍ വീട്ടിലെ മുതിര്‍ന്നവര്‍ പുകവലിക്കരുത്.
. ഭക്ഷണ ക്രമീകരണം ആവശ്യമില്ല. എന്നാലും കൂടുതല്‍ രാസവസ്തുക്കള്‍ ചേര്‍ന്നതും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിറഞ്ഞ ശീതള പാനീയങ്ങളും ഒഴിവാക്കണം.
. കൊതുകുതിരിയോ മറ്റ് കൊതുക് നിവാരണികളോ ശ്വാസം മുട്ടലുള്ള രോഗികള്‍/ കുട്ടികള്‍ കിടക്കുന്ന മുറികളില്‍ ഉപയോഗിക്കരുത്.

ചികിത്സ ഹോമിയോപ്പതിയില്‍
രോഗിയുടെ മാനസിക, ശാരീരിക പ്രത്യേകതകള്‍ പരിഗണിച്ച് ചെലവും പാര്‍ശ്വഫലങ്ങളും കുറഞ്ഞതാണ് ഹോമിയോ ചികിത്സ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫലപ്രദമാണ്. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത.
. അപ്രധാനമായി തോന്നാമെങ്കിലും വ്യക്തിപരമായ പ്രത്യേകത മനസ്സിലാക്കാനായി ഡോക്ടര്‍ അന്വേഷിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി നല്‍കുക.
. മുമ്പത്തെയും മാതാപിതാക്കളിലെയും പാരമ്പര്യമായതുമായ രോഗവിവരങ്ങള്‍ ഡോക്ടര്‍ക്ക് നല്‍കുക.
. ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തില്‍ പോലും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നശിപ്പിക്കുന്നതല്ല ഹോമിയോ മരുന്നുകള്‍. മറിച്ച് സ്വയാര്‍ജ പ്രതിരോധ ശേഷിയെ പരിപോഷിപ്പിക്കും.
. എല്ലാ ശ്വാസംമുട്ടല്‍ രോഗികള്‍ക്കും ഒരേ മരുന്നല്ല നല്‍കുന്നത്.
. വ്യത്യസ്ത സമയങ്ങളില്‍, കാലാവസ്ഥകളില്‍, കറുത്ത വാവിനും വെളുത്ത വാവിനും കൂടുന്ന ആസ്തമ, കിടന്നാല്‍ കുറയുന്നത്, നടന്നാല്‍ കുറയുന്നത്, അപസ്മാരം, ഷുഗര്‍, അമിതവണ്ണം, ഉദരരോഗമുള്ളവര്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, വാതം, ത്വക്‌രോഗം തുടങ്ങിയ ആസ്ത്മ രോഗികള്‍ക്ക് വ്യത്യസ്ത മരുന്നുകളാണ് നല്‍കുന്നത്.
. ശ്വാസംമുട്ടലിന് ഏകദേശം 200 മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണ്. അതിനാല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയാല്‍, കുറഞ്ഞ കാലത്തിനുള്ളില്‍ ആസ്ത്മ സുഖപ്പെടുന്നതാണ്.
. ആസ്ത്മ രോഗികളായ പുകവലിക്കാര്‍ക്കും മദ്യപാനികള്‍ക്കും ഫലപ്രദമായ മരുന്നുകളുണ്ട്.
. അലോപ്പതി, ആയുര്‍വേദ, യൂനാനി മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഹോമിയോപ്പതി മരുന്നുകള്‍ അതേ കാലയളവില്‍ കഴിക്കാം.
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയും ഭക്ഷണത്തില്‍ മിതത്വം പാലിച്ചും ലളിത വ്യായാമമുറകളിലൂടെയും ശ്വാസകോശത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം.
.